വാഷിങ്ടൺ: ലോകത്ത് കൊറോണ ബാധിച്ചവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് യു.എസിൽ. 85,749 പേരാണ് യു.എസിൽ കൊറോണ ബാധിതരായിട്ടുള്ളത്. 1304 പേർ ഇതുവരെ മരിച്ചു. വെള്ളിയാഴ്ച മാത്രം 16,000-ത്തിലേറെപ്പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണത്തിൽ യു.എസ്. ചൈനയെ മറികടന്നു. ചൈനയിൽ 81,340 പേരിലാണ് വൈറസ് ബാധിച്ചത്. ഇറ്റലിയിലും എൺപതിനായിരത്തിലധികം പേരിൽ വൈറസ് വ്യാപിച്ചിട്ടുണ്ട്.

ലോകത്താകെ അഞ്ചരലക്ഷം പേരിലേക്ക് വൈറസ് പടർന്നു. എന്നാൽ, അത്രയും പേരെ തങ്ങൾ പരിശോധിച്ചുവെന്നത് വലിയ കാര്യമാണെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ചൈനയിലെ രോഗികളുടെ യഥാർഥ കണക്കെന്താണെന്ന് ആർക്കുമറിയില്ലെന്നും ട്രംപ് പരിഹസിച്ചു. യു.എസിൽ എത്രയേറെപ്പേരിൽ രോഗം ബാധിക്കുമെന്നോ അതെത്രനാൾ നീണ്ടുനിൽക്കുമെന്നോ നിലവിലെ സാഹചര്യത്തിൽ പറയാനാവില്ലെന്ന് രാജ്യത്തെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധൻ ആൻഫണി ഫൗസി പറഞ്ഞു.

യു.എസിൽ പുതുതായി റിപ്പോർട്ടുചെയ്ത കേസുകളിൽ 55 ശതമാനവും ന്യൂയോർക്കിൽനിന്നാണ്. ന്യൂയോർക്കിൽ 38,000-ത്തോളം പേർക്ക് വൈറസ് ബാധിച്ചു. ന്യൂജഴ്സിയിലും രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും വൈറസ് പരിശോധന ലഭ്യമാണെന്നും അഞ്ചരലക്ഷത്തിലേറെപ്പേരിൽ ഇതുവരെ പരിശോധന നടത്തിക്കഴിഞ്ഞെന്നും വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു.

  • ദക്ഷിണാഫ്രിക്കയിൽ ആദ്യ മരണം റിപ്പോർട്ടുചെയ്തു. വെള്ളിയാഴ്ച രണ്ടുപേരാണ് മരിച്ചത്. ആയിരത്തിലേറെപ്പേർക്ക് രോഗബാധ
  • റഷ്യയിൽ പ്രസിഡന്‍റ് വ്ലാദിമിർ പുതിന്റെ ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു.
  • ഇറാനിൽ 144 പേർകൂടി മരിച്ചതോടെ മരണസംഖ്യ 2378 ആയി. 2962 പേരിൽക്കൂടി രോഗം സ്ഥിരീകരിച്ചു.
  • സ്പെയിനിൽ മരണസംഖ്യ 485 ആയി. 24 മണിക്കൂറിനുള്ളിൽ 769 പേരാണ് രാജ്യത്ത് മരിച്ചത്.
  • ബ്രിട്ടനിൽ ബർമിങാം വിമാനത്താവളം താത്കാലിക മോർച്ചറിയായി ഉപയോഗിക്കാൻ ഭരണകൂടം തീരുമാനിച്ചു.
  • ഹംഗറിയിൽ മൂന്നാഴ്ചത്തേക്ക് അടച്ചിടൽ പ്രഖ്യാപിച്ചു.
  • ജർമനിയിൽ ഒറ്റദിവസത്തിൽ 5780 പേരിൽ രോഗം സ്ഥിരീകരിച്ചു. ആകെ വൈറസ് ബാധിതർ 42,000 കടന്നു.

Coronavirus: US overtakes China with most cases