ജൊഹാനസ്ബർഗ്: കോവിഡ് ബാധിതരുടെ എണ്ണം ദക്ഷിണാഫ്രിക്കയിൽ ക്രമാതീതമായി ഉയരുന്നു. ശനിയാഴ്ച 13,285 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 3,50,879 ആയി. ഇതോടെ രോഗബാധയിൽ ആഫ്രിക്കയിൽ മുന്നിലുണ്ടായിരുന്ന പെറുവിനെ മറികടന്ന് ലോകത്തെ രോഗികളുടെ എണ്ണത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്ഥാനം അഞ്ചാമതായി.

4948 പേരാണ് രോഗംബാധിച്ച്‌ മരിച്ചത്. എന്നാൽ, മേയ് ആറുമുതൽ ജൂൺ ഏഴുവരെയുള്ള കാലയളവിൽ അധികമായി 10,944 പേർ രാജ്യത്ത് രോഗംബാധിച്ച് മരിച്ചതായി ദക്ഷിണാഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിൽ റിപ്പോർട്ടുചെയ്തു. ഭൂഖണ്ഡത്തിൽ മറ്റുരാജ്യങ്ങളെക്കാൾ വൈകി കോവിഡ് ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ ആരോഗ്യമേഖലയിലെ പോരായ്മകളാണ് രോഗവ്യാപനം വർധിക്കാൻ കാരണമായത്.

ന്യൂസീലൻഡിൽ മൂന്നു പുതിയകേസുകൾ

വെല്ലിങ്ടൺ: ന്യൂസീലൻഡിൽ പുതുതായി മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് 25 കോവിഡ് രോഗികളാണുള്ളത്. പുതിയ രോഗികളിൽ മൂന്നുപേരും വിദേശത്തുനിന്നെത്തിയവരാണ്. 79 ദിവസങ്ങളായി ന്യൂസീലൻഡിൽ സന്പർക്കംവഴിയുള്ള കേസുകൾ റിപ്പോർട്ടുചെയ്തിട്ടില്ല.

സമ്മേളനങ്ങൾ കോവിഡ്‌കാലം കഴിഞ്ഞുമാത്രമെന്ന് ട്രംപ്‌

വിസ്‌കോൺസിൻ: കോവിഡ്‌കാലം കഴിയുന്നതുവരെ തിരഞ്ഞെടുപ്പുസമ്മേളനങ്ങൾ മാറ്റിവെക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിസ്‌കോൺസിനിലെ അനുകൂലികൾക്കായി, തിരഞ്ഞെടുപ്പുപ്രചാരണത്തിൽ ആദ്യമായി സംഘടിപ്പിച്ച ടെലിഫോൺറാലിയിലാണ് ട്രംപിന്റെ പ്രതികരണം. “എല്ലാവരെയും ഞങ്ങൾ സ്നേഹിക്കുന്നതിനാലാണ് റാലികൾ ഇത്തരത്തിലേക്കുമാറ്റിയത്. വിസ്‌കോൺസിൻ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാഭാഗത്തും കൂറ്റൻറാലികൾ നമ്മൾ നടത്തിയിട്ടുണ്ട്. ദൗർഭാഗ്യവശാൽ ചികിത്സാരീതിയും വാക്സിനും കണ്ടെത്തി കോവിഡ് കാലത്തെ അതിജീവിക്കുന്നതുവരെ അത്തരം റാലികൾ നടത്തുക പ്രയാസകരമാകും” -ട്രംപ് പറഞ്ഞു. ഒക്‌ലഹോമയിൽ ഉൾപ്പെടെ ട്രംപ് നടത്തിയ റാലികൾ രോഗവ്യാപനത്തിന് കാരണമായതായി വ്യാപക വിമർശനമുയർന്നിരുന്നു.

രോഗികളുടെ എണ്ണം 1.44 കോടി കടന്നു

വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുകോടി 44 ലക്ഷം കടന്നു. ആറുലക്ഷംപേർ രോഗബാധിതരായി മരിച്ചു. 86 ലക്ഷം പേർക്ക് രോഗം ഭേദമായി.

ഞായറാഴ്ച 51,000-ലധികംപേർ രോഗബാധിതരായി. രണ്ടായിരത്തിലേറെപ്പേർ മരിച്ചു. യു.എസ്., ബ്രസീൽ, റഷ്യ, മെക്സിക്കോ, ഇറാൻ, പാകിസ്താൻ, സൗദി, ബംഗ്ലാദേശ്, ഇറാഖ്, ഇൻഡൊനീഷ്യ, കസാഖ്സ്താൻ, ഒമാൻ, ഫിലിപ്പീൻസ്, ബൊളീവിയ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. മെക്സിക്കോ (578), റഷ്യ (95), ഇറാൻ (209), ഇൻഡൊനീഷ്യ (127) എന്നിവിടങ്ങളിലാണ് കൂടുതൽ മരണം.

Content Highlights: Coronavirus South Africa