റോം: ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. ഇറ്റാലിയൻ മാധ്യമം ‘ദ മെസെജരോ’യാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. എന്നാൽ, വത്തിക്കാൻ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ഒരു ശുശ്രൂഷച്ചടങ്ങിനിടെ മാർപാപ്പയ്ക്ക് ചുമയും മൂക്കൊലിപ്പും അനുഭവപ്പെട്ടിരുന്നു. തുടർന്ന് മറ്റുപരിപാടികൾ അദ്ദേഹം ഒഴിവാക്കുകയുംചെയ്തു. ഇതേത്തുടർന്നാണ് അഭ്യൂഹം ഉയർന്നത്. യൂറോപ്പിൽ ഏറ്റവുംകൂടുതൽ വൈറസ് ബാധ റിപ്പോർട്ടുചെയ്തത് ഇറ്റലിയിലാണ്.

യു.എസിൽ മരണം ആറ്

91 പേർക്ക് വൈറസ് ബാധിച്ച യു.എസിൽ ആറുപേർ മരിച്ചതായി വൈസ് പ്രസിഡന്റ്‌ മൈക്ക് പെൻസ് അറിയിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാഷിങ്ടൺ സംസ്ഥാനത്താണ് എല്ലാമരണവും. എന്നാൽ, വൈറസ് വ്യാപനത്തിൽ പരിഭ്രാന്തിവേണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

ഓഫീസിലിരുന്ന് ജോലിചെയ്യാൻ ട്വിറ്റർ

ലോകമെങ്ങുമുള്ള തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ ആവശ്യപ്പെട്ട് ട്വിറ്റർ. വൈറസ് പടരുന്നത് തടയാനാണിത്. ദക്ഷിണകൊറിയ, ഹോങ്‌ കോങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർ ഇക്കാര്യം നിർബന്ധമായും പാലിക്കണമെന്നും ട്വിറ്റർ ഹ്യൂമൻ റിസോഴ്സ് വിഭാഗം മേധാവി ജെന്നിഫർ ക്രിസ്റ്റി പറഞ്ഞു.

Content Highlights: Coronavirus Pope Francis