ലണ്ടൻ/ജൊഹാനസ്ബെർഗ്: ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അതിവേഗം പടരുന്നു. 20-ലേറെ രാജ്യങ്ങളിൽ ബ്രിട്ടനിലെ കോവിഡ് വകഭേദം ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്ത്യ, ഇസ്രയേൽ ലെബനൻ, സിങ്കപ്പൂർ, ജപ്പാൻ, ഹോങ് കോങ്, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, കാനഡ, പാകിസ്താൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയടക്കമുള്ളയിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. അടുത്തിടെ ബ്രിട്ടനിൽനിന്ന് തിരിച്ചെത്തിയ നാലുപേർക്കാണ് കറാച്ചിയിൽ രോഗം സ്ഥിരീകരിച്ചത്.
അതിവേഗം പടരുന്ന വൈറസിന്റെ വ്യാപനം തടയാൻ 50-ലേറെ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിൽ ദിനംപ്രതി അഞ്ചുലക്ഷത്തോളം പേരിലാണ് പരിശോധന നടത്തുന്നത്.
കൂട്ടപ്പരിശോധനയ്ക്ക് സൈന്യത്തിന്റെ സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ പുതിയ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യം അപകടകരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് സിറിൽ റാമഫോസ പറഞ്ഞു.
* ഇറാനിൽ ആഭ്യന്തരമായി വികസിപ്പിച്ച കോവ്-ഇറാൻ ബ്ലെസിങ് എന്ന കോവിഡ് വാക്സിന്റെ പരീക്ഷണം തുടങ്ങി.
* മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്ത് 2020-ൽ കോവിഡ് കാരണം വിമാനയാത്ര 67 ശതമാനം കുറഞ്ഞു.
മരണസംഖ്യ മൂന്നിരട്ടിയെന്ന് സമ്മതിച്ച് റഷ്യ
മോസ്കോ: റഷ്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് നേരത്തേ പുറത്തുവിട്ടതിന്റെ മൂന്നിരട്ടി അധികമാണെന്ന് സ്ഥിരീകരണം. റഷ്യൻ ഉപപ്രധാനമന്ത്രി തത്യാന ഗോലികോവയാണ് ഇക്കാര്യം സമ്മതിച്ചത്. 55,000 പേർ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, 1.89 ലക്ഷം പേർ റഷ്യയിൽ മരിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. ഇതോടെ യു.എസിനും ബ്രസീലിനും ശേഷം ഏറ്റവും കൂടുതൽ കോവിഡ് മരണം റഷ്യയിലാണ്. യു.എസിൽ 3.3. ലക്ഷം പേരും ബ്രസീലിൽ 1.91 ലക്ഷം പേരുമാണ് ഇതുവരെ മരിച്ചത്. റഷ്യ ആഭ്യന്തരമായി വികസിപ്പിച്ച സ്ഫുട്നിക്-5 വാക്സിന്റെ കുത്തിവെപ്പ് ഇതിനകം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
Content Highlights: Coronavirus London