യോക്കോഹാമ (ജപ്പാൻ): കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് യോക്കോഹാമ തീരത്ത് ജപ്പാൻ പിടിച്ചുവെച്ച ആഡംബരക്കപ്പലിലെ യാത്രക്കാരി മരിച്ചു. വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച എൺപതുകാരിയാണ് മരിച്ചതെന്ന് ജപ്പാൻ ആരോഗ്യമന്ത്രി കട്സുനോഹു കാട്ടോ അറിയിച്ചു. എന്നാൽ, ഇവർക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നോ എന്നത് അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡയമണ്ട് പ്രിൻസസ് എന്ന ആഡംബരക്കപ്പൽ ഫെബ്രുവരി നാലിനാണ് ജപ്പാൻ പിടിച്ചിട്ടത്.
അതിനിടെ, കപ്പലിലെ പ്രായമേറിയ യാത്രക്കാരെ വ്യാഴാഴ്ച പുറത്തിറങ്ങാൻ അനുവദിച്ചിരുന്നു. ഇവർക്ക് സർക്കാർസംവിധാനത്തിലുള്ള താമസസ്ഥലത്തേക്ക് മാറാം. രോഗമില്ലെന്ന് ഉറപ്പായാലേ സ്വതന്ത്രമായി പോകാൻ അനുവദിക്കൂ.
3711 പേരുള്ള കപ്പലിലെ 218 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയ്ക്കുപുറത്ത് ഏറ്റവുമധികംപേർക്ക് വൈറസ് ബാധയേറ്റത് ഈ കപ്പലിലാണ്.
കപ്പലിലെ 80 ശതമാനത്തോളം യാത്രക്കാർ 60 വയസ്സ് പിന്നിട്ടവരാണെന്ന് കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു. പത്തുദിവസമായി കുടുങ്ങിക്കിടക്കുന്ന യാത്രക്കാരും ജീവനക്കാരും സാമൂഹികമാധ്യമങ്ങൾവഴി തങ്ങളുടെ ബുദ്ധിമുട്ടുകൾ പുറത്തറിയിക്കുകയുംചെയ്തു. സ്ഥിതിഗതികൾ ഓരോ ദിവസവും മോശമായി വരുകയാണെന്നാണ് കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥ സൊണാലി താക്കർ കഴിഞ്ഞദിവസം പറഞ്ഞത്.
‘കപ്പലിലെ 44 പേർക്കുകൂടി വൈറസ് ബാധിച്ചതായി ഇന്നലെ അധികൃതർ അറിയിച്ചു. എല്ലാവരും ഭയന്നിരിക്കുകയാണ്. എത്രയുംവേഗം പുറത്തിറങ്ങാനാണ് ആഗ്രഹിക്കുന്നത്. പരിശോധന എത്രയുംവേഗം പൂർത്തിയാക്കണം. രോഗമില്ലാത്തവരെ പോകാൻ അനുവദിക്കണം. കപ്പലിൽ ഇനിയും തുടരാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും’ അവർ പറഞ്ഞു.
യാത്രക്കാരെല്ലാം കപ്പലിലെ അടച്ചിട്ട കാബിനുകളിലാണ്. ജീവനക്കാരാണ് എല്ലാവർക്കും ഭക്ഷണവും മറ്റും എത്തിക്കുന്നത്. ജീവനക്കാർ ഒന്നിച്ചാണ് ഭക്ഷണം കഴിക്കുന്നതും മറ്റും. ഇതും വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുകയാണ്. കപ്പലിൽ 168 ഇന്ത്യക്കാരുണ്ട്. ഇതിൽ രണ്ടുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മുഴുവൻ യാത്രക്കാരെയും പരിശോധിക്കുന്നതുവരെ കപ്പൽ തടഞ്ഞുവെക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെ 713 പേരുടെ പരിശോധന മാത്രമാണ് കഴിഞ്ഞത്.
‘വെസ്റ്റെർഡാമി’ന് കംബോഡിയയിൽ അഭയം
അതിനിടെ, കൊറോണ ഭയന്ന് ഏഷ്യയിലെ അഞ്ചുതുറമുഖങ്ങൾ അകറ്റിനിർത്തിയ ആഡംബര കപ്പൽ എം.എസ്. വെസ്റ്റെർഡാമിന് ഒടുവിൽ കംബോഡിയ അഭയം നൽകി. ഹോങ്‌കോങ്ങിൽനിന്ന് 1455 യാത്രക്കാരും 802 ജീവനക്കാരുമായി ഫെബ്രുവരി ഒന്നിന് പുറപ്പെട്ട കപ്പൽ കംബോഡിയയിലെ സിഹനൂക്‌വിൽ തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിലെ ആർക്കും ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് കപ്പലിന് ബാങ്കോക്ക് അനുമതി നിഷേധിച്ചത്. ‘‘ദിവസങ്ങൾക്കുശേഷം ഇന്ന് കര കണ്ടു. ഏറെ ആശ്വാസം തോന്നുന്നു’’ -കപ്പലിലെ യാത്രക്കാരനായ യു.എസ്. സ്വദേശി ആംഗെല ജോൺസ് പറഞ്ഞു. 14 ദിവസത്തേക്കുള്ള ഇന്ധനവും മറ്റുസാമഗ്രികളുമായാണ് കപ്പൽ പുറപ്പെട്ടത്. അതു തീരാറായതോടെ അധികൃതർ അങ്കലാപ്പിലായിരുന്നു.
ചൈനയിൽ ബുധനാഴ്ച മരിച്ചത് 254 പേർ, ആകെ മരണം 1367
ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 1367 പേർ. ബുധനാഴ്ചമാത്രം 254 പേരാണ് മരിച്ചത്. ഒരുദിവസം റിപ്പോർട്ടുചെയ്യുന്ന കൂടിയ മരണമാണിത്.
59,804 പേർക്ക് വൈറസ് ബാധിച്ചു. പ്രഭവകേന്ദ്രമായ വുഹാനിൽമാത്രം 242 മരണവും 15,000 പേർക്ക് വൈറസ്ബാധയുമാണ് ബുധനാഴ്ച റിപ്പോർട്ടുചെയ്തത്. ലബോറട്ടറി പരിശോധനാഫലം കാക്കാതെ വൈറസ് ബാധ സ്ഥിരീകരിക്കാനായതിനാലാണ് ഒറ്റദിവസംകൊണ്ട് എണ്ണംകൂടിയതെന്ന് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ വക്താവ് മി ഫെങ് പറഞ്ഞു. ചൈനയ്ക്ക് പുറത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 440 ആണ്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക വിദഗ്ധസംഘം ചൈനയിലെത്തി വൈറസ് തടയാൻ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. അതിനിടെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ പ്രത്യേക അനുമതിയോടെ വുഹാനിലെ ആശുപത്രിയിൽ 2600 സൈനിക ഡോക്ടർമാരെക്കൂടി നിയമിച്ചിട്ടുമുണ്ട്.
Content Highlights: Coronavirus Japan