വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എസിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ചൊവ്വാഴ്ച നിലവിൽ വരുന്ന നിയന്ത്രണം മറ്റൊരു ഉത്തരവു വരുന്നതുവരെ അനിശ്ചിതകാലത്തേക്ക് തുടരും. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചിട്ടുള്ള പൗരന്മാരല്ലാത്തവർക്കാണ് വിലക്ക്. ഗ്രീൻ കാർഡ് ഉടമകൾ, അവരുടെ യു.എസ്. പൗരന്മാരല്ലാത്ത പങ്കാളികൾ, 21 വയസ്സിൽ താഴെയുള്ള മക്കൾ തുടങ്ങിയവർക്ക് ഇളവുണ്ട്. ഏതാനും വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികളും അക്കാദമിക വിദഗ്ധരും മാധ്യമപ്രവർത്തകരും ഇളവിന്റെ പരിധിയിൽ വരുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഇന്ത്യയിൽ കോവിഡിൻറെ രണ്ടാംവ്യാപനം രൂക്ഷമാവുകയും വിവിധ വകഭേദങ്ങൾ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, യു.എസ്. ആരോഗ്യനിരീക്ഷകവിഭാഗമായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ (സി.ഡി.സി.) ശുപാർശപ്രകാരമാണ് തീരുമാനം. നേരത്തേ തങ്ങളുടെ പൗരന്മാർ ഉടൻ ഇന്ത്യവിടണമെന്ന് യു.എസ്. സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, യാത്രാവിലക്കേർപ്പെടുത്തിയതിന് ബൈഡനെതിരേ റിപ്പബ്ലിക്കൻ പാർട്ടിക്കാർ വിമർശനമുയർത്തിയിട്ടുണ്ട്. മെക്സിക്കോയുടെ അതിർത്തി തുറന്നിട്ട് സഖ്യകക്ഷിയായ ഇന്ത്യക്കുമേൽ യാത്രാവിലക്കേർപ്പെടുത്തുന്നതിൽ യുക്തിയില്ലെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാട്.

യു.കെ., ഇറ്റലി, ജർമനി, ഫ്രാൻസ്, യു.എ.ഇ., പാകിസ്താൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ആവശ്യങ്ങൾ എപ്പോഴും നിരീക്ഷിക്കും -വൈറ്റ്‌ഹൗസ്

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ആവശ്യമുള്ള സഹായങ്ങളെക്കുറിച്ച് രാജ്യവുമായി ആശയവിനിമയം തുടരുമെന്ന് വൈറ്റ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.

Content Highlights: Coronavirus India US