ന്യൂയോർക്ക്: കോവിഡിനെതിരേ ലോകത്തിലെ ഏറ്റവുംവലിയ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിക്കാൻ ഇന്ത്യ ഒരുങ്ങുമ്പോൾ, ശാസ്ത്രീയ കണ്ടുപിടിത്തത്തിലും മഹാമാരിക്കാലത്തെ നിർണായക നടപടികളിലും ഇന്ത്യൻ നേതൃത്വത്തെ ആഗോളനേതാക്കൾ പ്രശംസിച്ചു. കോവിഡിനെ നിർമാർജനം ചെയ്യാൻ ഇന്ത്യക്ക് കഴിയുമെന്നും പോളിയോ, കോളറ തുടങ്ങിയ രോഗങ്ങൾക്കെതിരേ പ്രതിരോധകുത്തിവെപ്പ് നടത്തി വിജയിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസുസ് ട്വീറ്റ് ചെയ്തു.
കോവിഡ് വ്യാപനം അവസാനിപ്പിക്കാൻ ലോകം പ്രവർത്തിക്കുമ്പോൾ കണ്ടുപിടിത്തങ്ങളിലും വാക്സിൻനിർമാണശേഷിയിലും ഇന്ത്യ മുന്നിട്ടുനിൽക്കുന്നത് വളരെ സന്തോഷകരമാണെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ കോ-ചെയർമാൻ ബിൽ ഗേറ്റ്‌സ് തിങ്കളാഴ്ച ട്വീറ്റുചെയ്തിരുന്നു.
ലോകരാജ്യങ്ങൾക്ക് മാതൃകയായി ഇന്ത്യ കൂടുതൽപേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. യു.എൻ. ജനറലിന്റെ 75-ാമത് സെഷന്റെ ജനറൽ ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻനിർമിത വാക്സിന് ആഗോളതലത്തിൽ സ്വീകാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതിനായി തങ്ങളുടെ വാക്സിൻ ഉത്‌പാദനവും വിതരണശേഷിയും പരമാവധി ഉപയോഗിക്കുമെന്ന് അദ്ദേഹം ആഗോളസമൂഹത്തിന് ഉറപ്പുനൽകി. വാക്സിൻനിർമാണത്തിനായി പ്രവർത്തിച്ച ഗവേഷകരെയും സാങ്കേതികവിദഗ്ധരെയും അദ്ദേഹം പ്രശംസിച്ചു.
Content Highlights: Coronavirus India