ബെയ്ജിങ്: കോവിഡിന്റെ ഉദ്‌ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ലോകാരോഗ്യസംഘടനയിലെ (ഡബ്ല്യു.എച്ച്.ഒ.) വിദഗ്ധരുടെ സംഘം വ്യാഴാഴ്ച രാജ്യത്തെത്തുമെന്ന് ചൈന. അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സംഘത്തിന്റെ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാകുന്നത്.
വ്യാഴാഴ്ച സംഘം പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് ചൈനീസ് ആരോഗ്യകമ്മിഷനെ ഉദ്ധരിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.ജി.ടി.എൻ. റിപ്പോർട്ടുചെയ്തു.
സന്ദർശനം സ്ഥിരീകരിച്ച ചൈനീസ് വിദേശമന്ത്രി ജാവോ ലിജിയാൻ വൈറസിന്റെ ഉദ്‌ഭവത്തിന്റെയും വ്യാപനത്തിന്റെയും വേരുകൾ കണ്ടെത്താൻ ആഗോളപഠനത്തിന് ലോകമെന്പാടുമുള്ള ഗവേഷകർക്ക് ചൈന പിന്തുണ നൽകുമെന്ന് വ്യക്തമാക്കി.
വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (ഡബ്ല്യു.ഐ.വി.) വിദഗ്ധർക്ക് പ്രവേശനം അനുവദിക്കുമോയെന്ന കാര്യവും വ്യക്തമാക്കാൻ ജാവോ തയ്യാറായില്ല. ഇക്കാര്യം ഡബ്ല്യു.എച്ച്.ഒ. അധികൃതരോടാണ് തിരക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പത്തംഗസംഘം വുഹാൻ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഡബ്ല്യു.ഐ.വി.യിലെത്തുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. കോവിഡ് വൈറസ് ഡബ്ല്യു.ഐ.വി.യിൽ ഉരുത്തിരിഞ്ഞതാകാമെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ ആവശ്യമുന്നയിച്ചിരുന്നു.
Content Highlights: Coronavirus China