ലഹോർ: ഭീകരപ്രവർത്തനത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ പേരിൽ പാകിസ്താൻ കോടതി കുറ്റംചുമത്തി. അടുത്ത സഹായികളായ ഹാഫിസ് അബ്ദുൽ സലാം ബിൻ മുഹമ്മദ്, മുഹമ്മദ് അഷ്റഫ്, സഫർ ഇഖ്ബാൽ എന്നിവരുടെ പേരിലും ലഹോർ ഭീകരവിരുദ്ധക്കോടതി കുറ്റംചുമത്തിയിട്ടുണ്ട്.

ഹാഫിസ് സയീദിന്റെയും അനുയായികളുടെയും പേരിൽ ജൂലായ് 17-ന്‌ പാക് പഞ്ചാബ് പ്രവിശ്യയിലെ ഭീകരവിരുദ്ധവിഭാഗം ഭീകരപ്രവർത്തനത്തിന് പണം നൽകൽ കുറ്റം ചുമത്തിയിരുന്നു. ജമാ അത്തുദ്ദവയ്ക്ക‍ു കീഴിൽ പ്രവർത്തിക്കുന്ന അൽ-അൻഫാൽ, ദവത്തുൽ ഇർഷാദ്, മുവാസ് ബിൻ ജബാൽ എന്നീ ട്രസ്റ്റുകളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും പേരിൽ ഭീകരപ്രവർത്തനത്തിനുള്ള പണം സംഘടിപ്പിച്ചുവെന്നാണ് കേസ്. ലഹോർ, ഗുർജൻവാല, മുൾട്ടാൻ എന്നിവിടങ്ങളിലായി 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ കോട്ട് ലാഖ്പത് ജയിലിലാണ് ഹാഫിസ് സയീദ്.

പാകിസ്താന്റെ ആതിഥ്യത്തിൽ ഹാഫിസ് സയീദ് സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് ഇന്ത്യ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ സയീദിനും മാലിക് സഫർ ഇഖ്ബാലിനുമുള്ള പങ്കു വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്താന് കൈമാറിയതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഹാഫിസ് സയീദിനെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പാകിസ്താനുമേൽ അന്താരാഷ്ട്രസമൂഹം സമ്മർദം ശക്തമാക്കുന്നതിനിടെയാണിത്. ഭീകരസംഘടനകളിലേക്കുള്ള പണമൊഴുക്ക് ഫെബ്രുവരിയോടെ നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്താനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) മുന്നറിയിപ്പുനൽകിയിട്ടുണ്ട്. 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും യു.എസ്. വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോയും നവംബറിൽ ആവശ്യപ്പെട്ടിരുന്നു.

Content Highlights: conviction against Hafiz sayed for giving money for terrorism