ബൊഗോത്ത: കൊളംബിയയിൽ ലഹരി മാഫിയ തലവനും രാജ്യത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ നേതാവുമായ ഒട്ടോണിയേൽ പിടിയിൽ. ദെയ്‌രോ ആന്റോണിയോ സുഗ എന്നതാണ് ഇയാളുടെ മുഴുവൻ പേര്. രാജ്യത്തെ ഏറ്റവും ശക്തമായ കുറ്റകൃത്യ സംഘമായി കണക്കാക്കപ്പെടുന്ന ‘ഗൾഫി’ന്റെ തലവനാണ് ഒട്ടോണിയേൽ.

വടക്കുപടിഞ്ഞാറൻ കൊളംബിയയിലെ ആന്റിയോകിയ പ്രവിശ്യയിലെ ഒളിത്താവളത്തിലാണ് ഒട്ടോണിയേൽ കഴിഞ്ഞിരുന്നത്. ശനിയാഴ്ച സൈന്യവും പോലീസും വ്യോമസേനയും ചേർന്ന് ഇവിടെ നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഇയാൾ പിടിയിലായത്. 22 ഹെലികോപ്റ്ററുകളും 500 സൈനികരും ദൗത്യത്തിന്റെ ഭാഗമായി. ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു.

ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് കൊളംബിയൻ സർക്കാർ 5.9 കോടി രൂപയും (എട്ട്‌ ലക്ഷം ഡോളർ) യു.എസ്. 37 കോടി രൂപയും (50 ലക്ഷം ഡോളർ) സമ്മാനം പ്രഖ്യാപിച്ചിരുന്നു. കുട്ടികളെ കുറ്റകൃത്യത്തിന് ഉപയോഗിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനും കൊക്കെയ്ൻ യു.എസിലേക്കു കടത്തിയതിനും അടക്കം ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഇയാൾ.

രാജ്യത്തെ ലഹരി കള്ളക്കടത്തു സംഘത്തിന് കനത്ത തിരിച്ചടിയാണ് നടപടിയെന്ന് കൊളംബിയൻ പ്രസിഡന്റ് ഇവാൻ മാർക്കസ് പറഞ്ഞു. 1990-കളിലെ പാബ്ലോ എസ്കോബാറിന്റെ വീഴ്ചയുമായി താരതമ്യപ്പെടുത്താവുന്ന നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമീണ പ്രദേശങ്ങളിലെ സുരക്ഷിതമായ വീടുകളിലാണ് ഒട്ടോണിയേൽ കഴിഞ്ഞിരുന്നത്. ഫോണുകൾ ഉപയോഗിക്കാതെ ഇയാൾ ദൂതന്മാർ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. എന്നാൽ രണ്ടാഴ്ചയ്ക്കു മുമ്പ് ഒട്ടോണിയേൽ താമസിക്കുന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

മയക്കുമരുന്ന് കള്ളക്കടത്ത്, മനുഷ്യക്കടത്ത്, അനധികൃത സ്വർണഖനനം, പിടിച്ചുപറി എന്നിവയിൽ ഏർപ്പെടുന്ന സംഘം ഒട്ടേറെ പ്രവിശ്യകളിൽ സജീവമാണ്. 1800-ഓളം സായുധ അംഗങ്ങൾ സംഘത്തിലുണ്ടെന്നാണ് കണക്ക്. എന്നാൽ പ്രധാന നേതാക്കൾ ഒളിവിൽ പോയതോടെ സമീപകാലങ്ങളിലായി സംഘത്തിന്റെ ശക്തി കുറഞ്ഞതായാണ് അധികൃതരുടെ നിഗമനം.

Content Highlights: Colombia's most wanted drug lord Otoniel captured