collin powel
കോളിൻ പവൽ

വാഷിങ്ടൺ: യു.എസ്. മുൻ വിദേശകാര്യ സെക്രട്ടറിയും ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനുമായിരുന്ന കോളിൻ പവൽ (84) അന്തരിച്ചു. ഈ സ്ഥാനങ്ങളിലെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനാണദ്ദേഹം. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്.

20-ാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിലും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അമേരിക്കയുടെ വിദേശനയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച പവൽ ഔദ്യോഗിക ചുമതലയിലേക്ക് കടക്കുന്നത് സൈനിക ഉദ്യോഗസ്ഥനായിട്ടാണ്. വിയറ്റ്‌നാമിലും ജർമനിയിലും അടക്കം ഒട്ടേറെ രാജ്യങ്ങളിൽ സേവനമനുഷ്ടിച്ചു. റൊണാൾഡ് റീഗൻ പ്രസിഡന്റായിരിക്കെ 1987-89 കാലത്ത് യു.എസിന്റെ കറുത്ത വർഗക്കാരനായ ആദ്യ ദേശീയ സുരക്ഷാ ഉദേഷ്ടാവായി. 1989-ൽ ജോർജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഭരണകാലത്ത് ജോയന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയർമാൻ സ്ഥാനത്തെത്തി.

കുവൈത്തിലെ ഇറാഖ് അധിനിവേശം അവസാനിപ്പിക്കാൻ യു.എസിന്റെ നേതൃത്വത്തിൽ നടന്ന യുദ്ധം, യു.എസിന്റെ പാനമ അധിനിവേശം തുടങ്ങിയവയിൽ പവലിന്റെ മേൽനോട്ടമുണ്ടായിരുന്നു. 2001-ൽ ജോർജ് ഡബ്ല്യു ബുഷ് പ്രസിഡന്റായിരിക്കെയാണ് വിദേശകാര്യ സെക്രട്ടറിയാവുന്നത്. 2004 ഡിസംബർവരെ സ്ഥാനത്ത് തുടർന്നു.

2003-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ ഇറാഖിൽ സർവനാശശേഷിയുള്ള ആയുധങ്ങളുണ്ടെന്ന് പവൽ പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ ആരോപണം ഉന്നയിക്കേണ്ടിവന്നത് വേദനാജനകമാണെന്നും തന്റെ ജീവിതത്തിലെന്നുമത് കളങ്കമായിരിക്കുമെന്നും പിന്നീട്‌ അദ്ദേഹം പറഞ്ഞു.

content highlights: colin powel passes away