ബാങ്കോക്ക്: കൂരിരുട്ടും കുറഞ്ഞ വായുസഞ്ചാരവുമുള്ള താം ലാവോങ് ഗുഹയിൽ മനസ്സാന്നിധ്യം ചോരാതെ 12 കുട്ടികളെയും നെഞ്ചോട് ചേർത്ത് നിർത്തി അവർക്ക് ആശ്വാസം പകർന്നത് കോച്ച് എക്കപോൽ ചാന്ത്‌വോങ്.

എന്നാൽ, ചാന്ത്‌വോങ് ഒരിക്കലും വലിയ ആത്മവിശ്വാസവും ധൈര്യവുമുള്ള ആളായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സീനിയർ കോച്ച് പറയുന്നത്. ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ മുഖത്തെ നിഷ്കളങ്കതയും വീട്ടുകാരുടെ കണ്ണീരണിഞ്ഞ മുഖവുമായിരിക്കാം അയാളെ ധൈര്യത്തോടെയിരിക്കാൻ പ്രേരിപ്പിച്ചത്.

ജൂൺ 23-നാണ് വൈൽഡ് ബോർ എന്ന് പേരുള്ള ജൂനിയർ ഫുട്‌ബോൾ ടീമുമായി ചാന്ത്‌വോങ് താം ലാവോങ് നാം നോൺ ഗുഹയ്ക്ക് സമീപമുള്ള മൈതാനത്ത് കുട്ടികളെ പരിശീലിപ്പിക്കാനെത്തിയത്. എല്ലാ തവണയും പരിശീലനത്തിനുശേഷം കുട്ടികൾ താം ലാവോങ് ഗുഹയിൽ കയറാറുണ്ടായിരുന്നു. ഇത്തവണ അവർ കൂടുതൽ ഉള്ളിലേക്ക് പോയി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ഗുഹാ കവാടമിടിഞ്ഞ് പ്രവേശന ദ്വാരം അടഞ്ഞ് ഗുഹയ്ക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടായി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കുട്ടികൾ കൂടുതൽ ഉള്ളിലേക്ക് പോയി.

ആദ്യ ദിവസങ്ങളായിരുന്നു ചാന്ത്‌വോങ്ങിന്റെ മനസാന്നിധ്യം നിർണായകമായത്. പ്രതീക്ഷ കൈവിടാനനുവദിക്കാതെ കുട്ടികളെ ചേർത്തുപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തനിക്കായി കരുതിയിരുന്ന അല്പം ഭക്ഷണം കുട്ടികൾക്ക് വീതിച്ചുനൽകി. അവർക്ക് മനശ്ശക്തി പകർന്നു. അവരിലെ ഭയം അകറ്റാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. തവോങ് കൂടെയില്ലായിരുന്നെങ്കിൽ തങ്ങളുടെ കുട്ടികളുടെ കാര്യം പറയാനാകില്ലെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.

പത്താം വയസ്സിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട ചാന്ത്‌വോങ് മുത്തശ്ശിക്കൊപ്പമാണ് ബാല്യം ചെലവിട്ടത്. കൗമാരത്തിലേക്ക് കടന്നപ്പോൾ സന്ന്യാസം സ്വീകരിച്ചു. മൂന്ന് വർഷം മുമ്പ് സന്ന്യാസജീവതം ഉപേക്ഷിച്ചു. പിന്നീട് ഫുട്ബോൾ പരിശീലകനായി.

കുട്ടികളെ പരിശീലിപ്പിക്കുകയെന്ന ദൗത്യം അദ്ദേഹം സന്തോഷത്തോടെ ഏറ്റെടുക്കുകയും ആത്മാർഥമായി അത് ചെയ്യുകയുമായിരുന്നെന്ന് അദ്ദേഹത്തിന്റെ സൃഹൃത്തുക്കൾ പറയുന്നു. ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത അയാൾ കുട്ടികളും ലഹരിയോട് അടുക്കാതിരിക്കാൻ ശ്രമിച്ചിരുന്നതായി അദ്ദേഹത്തിനൊപ്പം ആശ്രമവാസം നയിച്ചിരുന്ന ജോയ് കാംപോയി പറഞ്ഞു.

കുട്ടികളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് രക്ഷിതാക്കളോട് മാപ്പപേക്ഷിക്കുന്ന ചാന്ത് വോങ്ങിന്റെ കത്തും പുറത്തുവന്നിരുന്നു.