പാരീസ്: ഐക്യരാഷ്ട്രസഭയുടെ മുന്‍കൈയില്‍ കൊണ്ടുവന്ന കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള താത്പര്യം അറിയിച്ച് യു.എസ്. കത്തുനല്‍കി. പിന്മാറുമെങ്കിലും ഉടമ്പടിയുമായി ബന്ധപ്പെട്ട ഭാവിനയങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഭാഗഭാക്കാവുമെന്ന് യു.എന്നിനെ യു.എസ്. അറിയിച്ചു. സ്വന്തം ജനത്തിനും വാണിജ്യതാത്പര്യത്തിനും ഗുണകരമായ കാര്യങ്ങളിലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനാണ് യു.എസ്. സന്നദ്ധത അറിയിച്ചത്.

ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം ജൂണ്‍ ഒന്നിനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഉടമ്പടിയില്‍ ഒപ്പിട്ട് മൂന്നുവര്‍ഷത്തിനുശേഷമേ പിന്‍മാറ്റ ചര്‍ച്ചകള്‍ തുടങ്ങാനാവൂ. പിന്നെയും ഒരുവര്‍ഷം കഴിഞ്ഞേ പിന്‍മാറ്റം പൂര്‍ണമാവൂ. ഇതിനുള്ള കാലമായാല്‍ പിന്‍മാറ്റത്തിനുള്ള നടപടി തുടങ്ങുമെന്ന് യു.എന്നിന് കൈമാറിയ ഔദ്യോഗിക അറിയിപ്പില്‍ യു.എസ്. പറഞ്ഞു.

2016 നവംബര്‍ നാലിനാണ് യു.എസ്. പാരീസ് ഉടമ്പടി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനാല്‍, 2019 വരെയെങ്കിലും യു.എസിന് ഉടമ്പടിയില്‍ നിന്നേ പറ്റൂ. 2020 നവംബറിന് മുമ്പു മാത്രമേ ഉടമ്പടിയില്‍ നിന്നു പിന്‍മാറാന്‍ കഴിയൂ.

195 രാജ്യങ്ങള്‍ അംഗീകരിച്ച ഉടമ്പടി 2021 ജനുവരി ഒന്നിന് പ്രാവര്‍ത്തികമാവും. പങ്കാളികളായ രാജ്യങ്ങള്‍ ഇവ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ആവിഷ്‌കരിച്ചുവരികയാണ്.

ഉടമ്പടിയില്‍നിന്ന് പിന്‍മാറാന്‍ ഔപചാരികമായി താത്പര്യം അറിയിച്ചശേഷവും ഇതിനൊപ്പം നില്‍ക്കണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് അമേരിക്കയോട് ആവശ്യപ്പെട്ടു.

പാരീസ് ഉടമ്പടി

2015 ഡിസംബറില്‍ പാരീസില്‍ചേര്‍ന്ന ഉച്ചകോടിയാണ് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും നിയന്ത്രിക്കുന്നതിന് ഉടമ്പടി മുന്നോട്ടുവെച്ചത്. 2016 നവംബര്‍ നാലിന് പാരിസ് ഉടമ്പടി നിലവില്‍ വന്നു. 195 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ വികസിതരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് 10,000 കോടി ഡോളര്‍ സഹായധനം നല്‍കാനും ഉടമ്പടിയില്‍ വ്യവസ്ഥയുണ്ട്. ഭൗമതാപനിലയിലുണ്ടാവുന്ന വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികമാവാതിരിക്കാന്‍നടപടി സ്വീകരിക്കുക എന്നതാണ് ഉടമ്പടിയിലെ പ്രധാനഭാഗം.