ലോസ് ആഞ്ജലിസ്: യു.എസിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ അലെക് ബാൾഡ്‌വിനിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിൻസ് (42) മരിച്ചു. സംവിധായകൻ ജോയൽ സൗസയ്ക്ക് പരിക്കേറ്റു. ചിത്രീകരണവേളയിലുപയോഗിച്ച പ്രോപ് തോക്കിൽനിന്നാണ് ഇരുവർക്കും വെടിയേറ്റത്. ബാൾഡ്‌വിനിന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

ബാൾഡ്‌വിൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റസ്റ്റ് എന്ന സിനിമയുടെ ന്യൂമെക്സിക്കോയിലെ സാന്റാ ഫെ നഗരത്തിലെ സെറ്റിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഹലൈനയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗസ ചികിത്സയിലാണ്.

യുക്രൈനിൽ ജനിച്ച ഹലൈനയെ അമേരിക്കൻ സിനിമാറ്റോഗ്രാഫർ മാസിക 2019-ൽ ഉയർന്നു വരുന്ന താരമെന്ന് വിശേഷിപ്പിച്ചിരുന്നു. ആർച്ചെനിമി, ഡാർലിൻ, ബ്ലൈൻഡ് ഫയർ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകയായിരുന്നു.

അതേസമയം, ബാൾഡ്‌വിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

സിനിമാസെറ്റിലും നാടകങ്ങളിലും മറ്റും ഉപയോഗിക്കുന്നവയാണ് പ്രോപ് തോക്കുകൾ. ഭൂരിഭാഗവും പ്രവർത്തിക്കാത്തവയാണെങ്കിലും ചിലയവസരങ്ങളിൽ യഥാർഥ തോക്കും ഉപയോഗിക്കാറുണ്ട്.

മിഷൻ ഇംപോസിബിൾ, മഡഗാസ്കർ എസ്കേപ് 2 ആഫ്രിക്ക, ബ്ലൂ ജാസ്മിൻ ഉൾപ്പെടെയുള്ള സിനിമകളിലും ഫ്രൻഡ്‌സ്‌, ലാസ് വേഗാസ് ഉൾപ്പെടെ ഒട്ടേറെ ടി.വി. സീരീസുകളിലും അലെക് ബാൾഡ്‌വിൻ അഭിനയിച്ചിട്ടുണ്ട്. 1993-ൽ സിനിമാഷൂട്ടിങ്ങിനിടെ അബദ്ധത്തിൽ വെടിയേറ്റ് നടൻ ബ്രൂസ്‌ലീയുടെ മകൻ ബ്രാൻഡൻ ലീ മരിച്ചിരുന്നു.