വാഷിങ്ടൺ: യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥരിൽ പലപ്പോഴായി സ്ഥിരീകരിച്ച ഹവാന സിൻഡ്രോം എന്ന അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങൾ ഇന്ത്യയിലും കണ്ടെത്തി. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ. ഡയറക്ടർ വില്യം ബേൺസിനൊപ്പം ഈ മാസം ഇന്ത്യയിലെത്തിയ സംഘത്തിലെ ഉദ്യോഗസ്ഥനാണ് രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

രോഗബാധിതനായ ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകിയതായി സി.ഐ.എ. വക്താവ് പറഞ്ഞു.

ഇതുവരെ യു.എസ്. ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉൾപ്പെടെ 200-ഓളം പേർക്കാണ് ഹവാന സിൻഡ്രോം സ്ഥിരീകരിച്ചിട്ടുള്ളത്. 2016-17 കാലഘട്ടത്തിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ യു.എസ്., കനേഡിയൻ എംബസി ജീവനക്കാരിലാണ് അജ്ഞാത രോഗലക്ഷണം ആദ്യംകണ്ടത്.

ജൂലായിൽ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഒസാമ ബിൻലാദനെ കണ്ടെത്തിയ ദൗത്യത്തിന്‌ നേതൃത്വം നൽകിയ സി.ഐ.എ. ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി ബേൺസ് പറഞ്ഞിരുന്നു. ഹവാന സിൻഡ്രോം സൃഷ്ടിക്കപ്പെട്ടതാകാമെന്നും പിന്നിൽ പ്രവർത്തിച്ചത് റഷ്യയാകാൻ സാധ്യതയുണ്ടെന്നും ബേൺസ് ആരോപിച്ചിരുന്നു.

ഹവാന സിൻഡ്രോം

പെട്ടെന്നുള്ള തലക്കറക്കം ആശയക്കുഴപ്പം, ഓക്കാനം, ഓർമക്കുറവ്, ദീർഘകാലം നീണ്ടുനിൽക്കുന്ന തലവേദന, കേൾവിക്കുറവ്, ശാരീരിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരുടെ തലച്ചോറിന് പ്രശ്നങ്ങളുണ്ടായി. ദീർഘകാല പ്രശ്നങ്ങളെത്തുടർന്ന് ജോലിയിൽ ശ്രദ്ധിക്കാനാവാത്ത ഏതാനും ഉദ്യോഗസ്ഥർ സ്വയം വിരമിച്ചിട്ടുമുണ്ട്.