ബെയ്ജിങ്: ചൈനയിൽ മുൻ ഉപപ്രധാനമന്ത്രി ഷാങ് ഗവൊലിക്കുനേരെ ലൈംഗികാരോപണമുന്നയിച്ച ടെന്നീസ് താരം പെങ് ഷുവായിയെ മൂന്നാഴ്ചയോളമായി കാണാനില്ല. ഈ മാസമാദ്യമാണ് ചൈനയിലെ സാമൂഹികമാധ്യമമായ ‘വെയ്ബോ’യിൽ പങ്കുവെച്ച കുറിപ്പിലൂടെ ഗവോലിക്കുനേരെ ഷുയി ആരോപണമുന്നയിച്ചത്. ഇതിനുശേഷം അവരെ പുറംലോകം കണ്ടിട്ടില്ല. ആരോപണം പുറത്തുവന്ന് 30 മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് വെയ്ബോയിൽനിന്ന് അപ്രത്യക്ഷമായി. എല്ലാ സാമൂഹികമാധ്യമങ്ങളിൽനിന്നും സ്‌ക്രീൻ ഷോട്ട് അടക്കമുള്ളവ നീക്കംചെയ്തു.

താൻ സുരക്ഷിതയാണെന്നും ആരോപണങ്ങൾ അസത്യമാണെന്നുമുള്ള പെങ്ങിന്റേതെന്ന് അവകാശപ്പെടുന്ന ഇ-മെയിൽ സന്ദേശം ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമം പുറത്തുവിട്ടു. ഇത് സംഭവത്തിലെ ദുരൂഹത വർധിപ്പിച്ചു. ഇ-മെയിൽ വ്യാജമാണെന്ന് സംശയിക്കുന്നതായി വനിതാ ടെന്നീസ് അസോസിയേഷൻ(ഡബ്ല്യു.ടി.എ.) ചെയർമാൻ പറഞ്ഞു.

വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റുകളിൽ ഡബിൾസ് വിജയിയാണ് പെങ് ഷുയി. മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരവുമായിരുന്നു. മൂന്നുതവണ ഒളിമ്പിക്സിലും പങ്കെടുത്തു. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, പെട്ര കിറ്റോവ, നൊവാക് ദ്യോകോവിച്ച്, നവോമി ഒസാക്ക, സിമോണ ഹാലെപ്, കോക്കോ ഗൗഫ് തുടങ്ങിയവർ പെങ്ങിന്റെ തിരോധാനത്തിൽ ആശങ്കയറിയിച്ചു. പെങ്ങിനെക്കുറിച്ചുള്ള വാർത്തകൾ ഞെട്ടിച്ചെന്ന് ഒസാക്കയും സെറീനയും പ്രതികരിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഡബ്ല്യു.ടി.എ.യുടെ തീരുമാനത്തെ നൊവാക് ദ്യോകോവിച്ച് പിന്തുണച്ചു.