വാഷിങ്ടൺ: യു.എസും ചൈനയും വ്യാപാരയുദ്ധത്തിന്റെ വക്കിൽ. ഇരുരാജ്യവും പരസ്പരം ചുമത്തിയ ഇറക്കുമതിത്തീരുവ വ്യാഴാഴ്ച അർധരാത്രി നിലവിൽവന്നു.

3400 കോടി ഡോളറിൻറെ (2.34 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങൾക്കാണ് യു.എസ്. 25 ശതമാനം ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുന്നത്.

3000 കോടി ഡോളറിന്റെ (2.06 ലക്ഷം കോടി രൂപ) യു.എസ്. ഉത്പന്നങ്ങൾക്ക് ചൈനയും തീരുവ ചുമത്തും. ഇരുരാജ്യവും തമ്മിൽ മാസങ്ങളോളം നീണ്ട ഭീഷണികൾക്കും വാക്പോരുകൾക്കും ശേഷമാണിത്.

അതേസമയം, 30.98 ലക്ഷം കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങൾക്കുകൂടി തീരുവ ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. യു.എസിലേക്കുള്ള ചൈനീസ് കയറ്റുമതിയുടെ സിംഹഭാഗം വരുമിത്.

യു.എസ്. സാങ്കേതികവിദ്യ ചൈന മോഷ്ടിക്കുന്നുവെന്നാരോപിച്ചാണ് യു.എസ്. ചൈനയ്ക്കുനേരെ വ്യാപാരയുദ്ധ ഭീഷണിയുമായി രംഗത്തെത്തുന്നത്.

5000 കോടി ഡോളറിന്റെ (ഏകദേശം 3.44 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്നായിരുന്നു യു.എസിന്റെ ഭീഷണി.

എന്നാൽ, പ്രധാന ഉത്പന്നങ്ങൾക്ക് ഇളവുനൽകണമെന്ന യു.എസ്. കമ്പനികളുടെ ആവശ്യത്തെത്തുടർന്ന് ഇത് 3400 കോടി ഡോളറിന്റെ ഉത്പന്നങ്ങളിലേക്ക്‌ ചുരുക്കി.

818-ലേറെ ചൈനീസ് ഉത്പന്നങ്ങൾക്കാണ് തീരുവ ചുമത്തിയിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ 1600 കോടി ഡോളറിന്റെ (1.10 ലക്ഷം കോടി രൂപ) 284 ചൈനീസ് ഉത്പന്നങ്ങൾക്ക് തീരുവയേർപ്പെടുത്തും.

യു.എസിൽനിന്നുള്ള വാഹനങ്ങൾ, സോയാബീൻ ഉൾപ്പെടെയുള്ള കാർഷിക, ഭക്ഷ്യ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കാണ് ചൈന തീരുവ ചുമത്തിയിട്ടുള്ളത്. യു.എസിലെ കർഷകരെ ബാധിക്കുന്ന നീക്കമാണിത്.

രണ്ടാംഘട്ടമായി ക്രൂഡ് ഓയിൽ, രാസവസ്തുക്കൾ ഉൾപ്പെടെ 1500 കോടി ഡോളറിന്റെ (1.03 ലക്ഷം കോടി രൂപ) യു.എസ്. ഉത്പന്നങ്ങൾക്ക് തീരുവയേർപ്പെടുത്തുമെന്നും ചൈന വ്യക്തമാക്കി.