ബെയ്ജിങ്: യു.എസിൽനിന്ന് ഇറക്കുമതിചെയ്യുന്ന സോയാബീൻ, പന്നിയിറച്ചി എന്നിവയുടെ വർധിപ്പിച്ച തീരുവ കുറയ്ക്കാൻ ചൈന തീരുമാനിച്ചു. മാസങ്ങളായി തുടരുന്ന വ്യാപാരത്തർക്കത്തിന് പരിഹാരംകാണാനുള്ള ചർച്ചകൾ പുരോഗമിക്കവേയാണ് ചൈനയുടെ ഇടപെടൽ. സ്വകാര്യ യു.എസ്. കമ്പനികളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വ്യാപാരത്തർക്കം തുടങ്ങിയതിനുശേഷം മൂന്നുതവണയാണ് ചൈന പന്നിയിറച്ചിക്കുമേലുള്ള തീരുവ വർധിപ്പിച്ചത്. ഇതോടെ നേരത്തേയുണ്ടായിരുന്ന 12 ശതമാനം നികുതി 72 ശതമാനമായി. സോയാബീന്റെ നികുതി മൂന്നിൽനിന്ന് 33 ശതമാനമായും വർധിപ്പിച്ചു. ഇതാണ് പഴയനിലയിലേക്കുമാറ്റാൻ ചൈന തീരുമാനിച്ചത്.
ബൗദ്ധികസ്വത്തുക്കൾ മോഷ്ടിക്കുന്നുവെന്നും സമ്മർദംചെലുത്തി സ്വന്തമാക്കുന്നുവെന്നും ആരോപിച്ചാണ് യു.എസ്., ചൈനീസ് ഉത്പന്നങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്തിയത്. ചൈനയും അതേനാണയത്തിൽ തിരിച്ചടിച്ചതോടെ ആഗോള സമ്പദ് വ്യവസ്ഥയിലും തിരിച്ചടികളുണ്ടായി. 17 മാസമായി തുടരുന്ന തർക്കംപരിഹരിക്കാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ ഒട്ടേറെ അനുരഞ്ജനചർച്ചകൾ നടന്നു. കഴിഞ്ഞമാസം അവസാനം തർക്കത്തിനുപരിഹാരമാവുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഒടുവിൽ ചിലവിഷയങ്ങളിൽ ഉടക്കി ചർച്ച പിരിയുകയായിരുന്നു. കൂടുതൽ ചൈനീസ് ഉത്പന്നങ്ങൾക്കുമേൽ നികുതിചുമത്തുമെന്ന പ്രഖ്യാപനവും കഴിഞ്ഞദിവസം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയിരുന്നു.
യു.എസിലെ പ്രധാന കാർഷിക ഉത്പന്നങ്ങൾക്കുമേലുള്ള നികുതികുറച്ചത് കരാറിനോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ചൈന പ്രതികരിച്ചു. നേരത്തേ ചില ചൈനീസ് ഉത്പന്നങ്ങളുടെ നികുതി യു.എസും കുറച്ചിരുന്നു.
25,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്കാണ് ആദ്യഘട്ടത്തിൽ യു.എസ്. നികുതി ചുമത്തിയത്. സെപ്റ്റംബറിൽ 12,500 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്കുമേലും നികുതിവർധിപ്പിച്ചു. ഇതോടെ ഇറക്കുമതിചെയ്യുന്ന യു.എസ്. ഉത്പന്നങ്ങൾക്കുമേൽ ചൈനയും നികുതിചുമത്തി.
യു.എസ്. സോയയും പന്നിയിറച്ചിയും
യു.എസിലെ പ്രധാന കാർഷികവിളകളിലൊന്നായ സോയാബീനുമേൽ ചൈന കൂടുതൽ നികുതി ഏർപ്പെടുത്തിയത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഉയർന്ന നികുതിചുമത്തിയകാലത്തും യു.എസ്. പന്നിയിറച്ചിയുടെ വലിയ വിപണി ചൈനയായിരുന്നു. ആകെ ഉത്പാദനത്തിന്റെ 47 ശതമാനവും ചൈനയിലേക്കും ഹോങ് കോങ്ങിലേക്കുമാണ് കയറ്റുമതി ചെയ്തിരുന്നത്.
China to waive tariffs on some US soybeans, pork