ബെയ്ജിങ്: കുട്ടികൾ ഗെയിം കളിക്കുന്നതിന് സമയക്രമം ഏർപ്പെടുത്തിയതിനുപിന്നാലെ, അവർ മോശമായി പെരുമാറിയാൽ രക്ഷിതാക്കളെ ശിക്ഷിക്കാൻ പുതിയ നിയമമുണ്ടാക്കാനൊരുങ്ങുകയാണ് ചൈന. കുട്ടികൾ മോശം സ്വഭാവം കാണിച്ചാലും കുറ്റകൃത്യങ്ങളിലേർപ്പെട്ടാലും ഉത്തരവാദിത്വം രക്ഷിതാക്കൾക്കായിരിക്കുമെന്ന് കുടുംബവിദ്യാഭ്യാസ അഭിവൃദ്ധി നിയമത്തിന്റെ കരടിൽ വ്യക്തമാക്കുന്നു.

നിയമം പ്രാബല്യത്തിൽവന്നാൽ പാർട്ടിയെയും രാജ്യത്തെയും ജനങ്ങളെയും സോഷ്യലിസത്തെയും സ്നേഹിക്കാൻ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ടിവരുമെന്ന് ‘ന്യൂയോർക്ക് ടൈംസി’ൽവന്ന ലേഖനത്തിൽ പറയുന്നു. കൗമാരപ്രായക്കാർ മോശമായി പെരുമാറാൻ ഒട്ടേറെ കാരണങ്ങളുണ്ടെന്നും കുടുംബത്തിൽനിന്ന് നല്ലതുപഠിക്കാത്തതാണ് ഇതിൽ പ്രധാനമെന്നും ചൈനീസ് പാർലമെൻറിലെ നിയമനിർമാണസമിതി വക്താവ് സാങ് തിയേവെയ് പറഞ്ഞു.

ഈയാഴ്ച പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി, നിയമം പരിശോധിക്കും. കുട്ടികൾക്ക് വിശ്രമിക്കാനും കളിക്കാനും വ്യായാമത്തിനും പ്രത്യേകസമയം ക്രമീകരിക്കാൻ നിയമം മാതാപിതാക്കളോട് ശുപാർശചെയ്യുന്നു.

content highlights: china to bring law that punishes parents for children's bad behaviour