ബെയ്‌ജിങ്: ചൈനയിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. രോഗവ്യാപനം തടയാൻ രാജ്യത്തുടനീളം പുതിയ സഞ്ചാര നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പ്രമുഖ നഗരങ്ങളിൽ ദശലക്ഷക്കണക്കിനുപേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഞായറാഴ്ച 75 പേർക്കാണ് പുതുതായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 53 എണ്ണവും പ്രാദേശികമായി വ്യാപിച്ചതാണ്. 20 നഗരങ്ങളിലും പന്ത്രണ്ടിലേറെ പ്രവിശ്യകളിലും പുതിയ രോഗികളുണ്ട്. ഡെൽറ്റ വകഭേദം മാസങ്ങൾക്കുള്ളിൽ ചൈനയിൽ കടുത്ത രോഗവ്യാപനത്തിന് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. ഇതേത്തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

ഡെൽറ്റ വകഭേദം സ്ഥിരീകരിച്ച ജിയാങ്ഷു പ്രവിശ്യയിലെ നാൻജിങ് നഗരത്തിൽ 92 ലക്ഷം പേരിൽ പരിശോധന നടത്തി. നാൻജിങ്ങിൽനിന്ന്‌ എത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 27 രോഗികളുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്ഷു നഗരത്തിൽ ഒരു കോടിയോളം പേരിൽ രോഗപരിശോധന നടത്തി.

ഡെൽറ്റ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറച്ചേക്കാമെന്നും എന്നാൽ, വകഭേദത്തിനെതിരേ വാക്സിനുകൾ ഇപ്പോഴും സംരക്ഷണം നൽകുന്നുണ്ടെന്നും ചൈനീസ് വൈറോളജിസ്റ്റ് ഫെങ് ഷിജിയാൻ പറഞ്ഞു. ചൈനയിൽ ഇതുവരെ 160 കോടി കോവിഡ് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്.

വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 19.87 കോടി കടന്നു. 42.36 ലക്ഷം പേർ മരിച്ചു. ഞായറാഴ്ച നാലുലക്ഷത്തോളം രോഗികളും 5000-ത്തോളം മരണങ്ങളുമുണ്ടായി. യു.എസ്., ഇന്ത്യ, ബ്രസീൽ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ.