ബെയ്ജിങ്: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിനുപിന്നാലെ താലിബാനുമായി ആദ്യ നയതന്ത്ര കൂടിക്കാഴ്ച നടത്തി ചൈന. താലിബാൻ രാഷ്ട്രീയ കാര്യാലയം ഉപതലവൻ അബ്ദുൾ സലാം ഹനാഫിയും ചൈനയുടെ അഫ്ഗാനിസ്താൻ സ്ഥാനപതി വാങ് യുവും തമ്മിലാണ് ചർച്ച നടത്തിയത്. ചൈനയും അഫ്ഗാൻ താലിബാനുമായി ഫലപ്രദമായ ആശയവിനിമയം നടക്കുന്നുണ്ടെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

ഭാവി സംബന്ധിച്ച അഫ്ഗാൻ ജനതയുടെ സ്വതന്ത്ര തീരുമാനത്തെ ചൈന ബഹുമാനിക്കുന്നു. നല്ല അയൽക്കാരായി സഹകരണവും സുഹൃദ്ബന്ധവും തുടരാനും തയ്യാറാണ്. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിലും സമാധാനത്തിലും ക്രിയാത്മകമായ പങ്കുവഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജർമൻ ചാൻസലർ ആംഗേല മെർക്കൽ താലിബാൻ നേതാക്കളുമായി സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Content Highlights: China, Taliban hold their first dialogue in Kabul