വാഷിങ്ടൺ: ഹോങ് കോങ്ങിനുമേൽ നിയന്ത്രണമുറപ്പാക്കുന്ന വിവാദസുരക്ഷാനിയമം ചൈന പാസാക്കിയതിനുപിന്നാലെ യു.എസ്. പ്രതിനിധിസഭ ചൈനയ്ക്കെതിരേ പുതിയ ഉപരോധനിയമം പാസാക്കി. രാജ്യത്തെ ബാങ്കുകൾ ചൈനീസ് ഉദ്യോഗസ്ഥരുമായി ഇടപാടുനടത്തുന്നത് ശിക്ഷാർഹമാക്കുന്ന ‘ഹോങ് കോങ് പരമാധികാരനിയമം’ ബുധനാഴ്ച വൈകീട്ടോടെയാണ് സഭ പാസാക്കിയത്.

ഡെമോക്രാറ്റുകൾക്കു മുൻതൂക്കമുള്ള പ്രതിനിധിസഭ ഏകകണ്ഠമായി പാസാക്കിയ നിയമത്തിന് ഇനി സെനറ്റിന്റെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയുംകൂടി അനുമതിവേണം. ചൈന പാസാക്കിയ പുതിയനിയമം ക്രൂരമാണെന്നും ഹോങ് കോങ്ങുകാർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി പറഞ്ഞു.

ഹോങ്‌ കോങ്ങുകാർക്ക് അഭയം: ബ്രിട്ടൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈന

ലണ്ടൻ: ഹോങ്‌ കോങ്ങുകാർക്ക് അഭയം നൽകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് വലിയതിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഹോങ്‌ കോങ്ങിൽ ചൈന വിവാദസുരക്ഷാനിയമം പാസാക്കിയതോടെ ബ്രിട്ടീഷ് പാസ്പോർട്ടുള്ളവരും പാസ്പോർട്ടിന് യോഗ്യരുമായ 30 ലക്ഷംപേർക്ക് അഭയംനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്.

ഓരോ ഹോങ് കോങ്ങുകാരനും ചൈനീസ് പൗരന്മാരാണെന്ന് ലണ്ടനിലെ ചൈനീസ് എംബസി ആവർത്തിച്ചു. ബ്രിട്ടൻ ഏകപക്ഷീയമായി നയങ്ങളിൽ മാറ്റംവരുത്തിയാൽ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ധാരണകളും അന്താരാഷ്ട്രബന്ധങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാനമാനദണ്ഡങ്ങളും തങ്ങളും ലംഘിക്കും. തീരുമാനം ലണ്ടൻ പുനഃപരിശോധിക്കണം. ഹോങ് കോങ് വിഷയങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

1997-ൽ ചൈനയ്ക്ക്‌ കൈമാറുന്നതുവരെ ബ്രിട്ടന്റെ അധീനതയിലായിരുന്നു ഹോങ് കോങ്. 50 വർഷത്തേക്ക് നഗരത്തിന്റെ നീതിന്യായ, നിയമനിർമാണ സ്വയംഭരണാധികാരം ചൈന സംരക്ഷിക്കുമെന്ന ധാരണയിലായിരുന്നു കൈമാറ്റം.

Content Highlights: China-Sanctions Bill on Hong Kong Law Passed by US House