ബെയ്‌ജിങ്: ഹോങ് കോങ്ങിൽ വിവാദസുരക്ഷാനിയമം പാസാക്കിയതിനുപിന്നാലെ നിയമം നടപ്പാക്കാൻ ചൈന നിയോഗിക്കുന്നതും കടുപ്പക്കാരായ നേതാക്കളെ. തെക്കൻ ചൈനീസ് ഗ്രാമമായ വുകാനിലെ ഭൂതർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം അടിച്ചമർത്തിയതിന്റെപേരിൽ കുപ്രസിദ്ധനായ സെങ് യാൻഷിയോങ്ങിനെയാണ് സുരക്ഷാവിഭാഗം തലവനായി നിയോഗിച്ചിരിക്കുന്നത്.

2011-ൽ സർക്കാർ ഏറ്റെടുത്ത തങ്ങളുടെ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ സമരമാണ് സെങ്ങിന്റെ നേതൃത്വത്തിൽ അടിച്ചമർത്തിയത്. ഗ്വാങ്ഡോങ്ങിലെ കമ്യൂണിസ്റ്റ് പാർട്ടിസമിതിയിലെ സെക്രട്ടറിജനറൽ സ്ഥാനമാണ് ഏറ്റവുമൊടുവിൽ സെങ് വഹിച്ച ഉന്നതപദവി. സുരക്ഷാനിയമത്തിന്റെ പുതിയ ചീഫ് എക്സിക്യുട്ടീവായി ലുവോ ഹുയ്‌നിങ്ങിനെയും നഗരത്തിന്റെ സുരക്ഷാക്കമ്മിഷൻ തലവനായി ഹോങ് കോങ് ഉദ്യോഗസ്ഥൻ എറിക് ചാനെയും നിയോഗിച്ചു.

ഇതിനിടെ ഹോങ് കോങ്ങിലെ ജനാധിപത്യവാദികളിലേറെയും നേതൃനിരയിൽനിന്ന് പിന്മാറുകയാണ്. വിദ്യാർഥിനേതാവും പ്രാദേശിക സഭാംഗവുമായ നാഥൻ ലോ നഗരംവിട്ടുകഴിഞ്ഞു. പുതിയ നിയമം ഉപയോഗിച്ച് ബുധനാഴ്ച ഒരാളെ അറസ്റ്റുചെയ്യുകയുമുണ്ടായി. സംഘർഷത്തിൽ ഭാഗമായ നൂറുകണക്കിനാളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.