ബെയ്‌ജിങ്: എങ്ങോട്ടുപോകുന്നു ആ ആനക്കൂട്ടം. ഇതിനകം 500 കിലോമീറ്റർ സഞ്ചരിച്ച ആനക്കൂട്ടത്തിന് പിന്നാലെയാണ് ചൈനീസ് അധികൃതരും സാമൂഹിക മാധ്യമങ്ങളും. കുട്ടിയാന ഉൾപ്പെടെ 15 ആനകളുള്ള സംഘം ഡിസംബറിൽ യുനാൻ പ്രവിശ്യയിലെ പുയെ നഗരത്തിലെ സംരക്ഷണ കേന്ദ്രത്തിൽനിന്നാണ് നടത്തം തുടങ്ങിയത്. കാട്ടിലൂടെ മാത്രമല്ല നാടും നഗരവും താണ്ടിയാണ് യാത്ര. ഇവയുടെ നടത്തത്തിൽ ഇതുവരെ 10 ലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.

ആനകളെ നിരീക്ഷിക്കാൻ ഡസൻ കണക്കിന് ഡ്രോണുകളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ജനവാസകേന്ദ്രത്തിൽ എത്തിയാൽ അപകടമൊഴിവാക്കുന്നതിനായി 400 സന്നദ്ധപ്രവർത്തകരുടെ സേവനവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ടെലിവിഷൻ ചാനൽ ഇവയുടെ നടത്തം സംപ്രേഷണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കുമിങ്ങ് കാടിനുള്ളിൽ നടന്നു തളർന്നുറങ്ങുന്ന ആനക്കൂട്ടത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ആനകളുടെ സഞ്ചാര പാത മനസ്സിലാക്കി അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആനകളെ ആകർഷിക്കുന്ന തരത്തിൽ വീട്ടുമുറ്റത്ത് ആഹരാസാധനങ്ങൾ ഉപേക്ഷിക്കരുതെന്ന് അധികൃതർ നൽകുന്ന മുന്നറിയിപ്പിൽ പറയുന്നു. ഈ ആനകൾ അവരുടെ യഥാർഥ ആവാസവ്യവസ്ഥയിൽനിന്ന് എന്തിനാണ് പലായനം ചെയ്യുന്നതെന്ന ചോദ്യമാണ് മൃഗസ്നേഹികളിൽ ചർച്ചാവിഷയമാകുന്നത്.