ബെയ്ജിങ്: കോവിഡ് വൈറസിന്റെ ഉറവിടം തേടിയെത്തുന്ന ലോകാരോഗ്യസംഘടനയുടെ രണ്ടാം വിദഗ്ധസംഘത്തിന് രാജ്യത്തു പ്രവേശനം നൽകില്ലെന്ന് ചൈന. വൈറസിന്റെ ഉദ്ഭവം വുഹാനിലെ ലാബാണെന്ന അനുമാനത്തിൽ ലോകരാജ്യങ്ങൾ ഉറച്ചുനിന്നതോടെയാണ് ഡബ്ല്യു.എച്ച്.ഒ. വീണ്ടും ചൈനയിലേക്ക് ആരോഗ്യസംഘത്തെ അയക്കാൻ തീരുമാനിച്ചത്. വുഹാനാണ് വൈറസിന്റെ ഉറവിടമെന്നതിന് ആദ്യസംഘത്തിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നു ജീവനക്കാർക്ക് കോവിഡ് ബാധിച്ചിരുന്നെന്നും ജീവനക്കാരിലൂടെ തന്നെയാണ് കോവിഡ് പടർന്നതെന്നും യു.എസ്. അടക്കമുള്ള രാജ്യങ്ങൾ രേഖകൾ സഹിതം ഉയർത്തിക്കാട്ടിയിരുന്നു. ഇതും ചൈന തള്ളിയിട്ടുണ്ട്.

ഡബ്ല്യു.എച്ച്.ഒ.യുടെ രണ്ടാംഘട്ടപദ്ധതി രേഖ തന്നെ ഞെട്ടിച്ചെന്നും ശാസ്ത്രത്തെ ബഹുമാനിക്കാത്ത ഭാഷയാണ് അതിലുപയോഗിച്ചതെന്നും ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ ഉപമന്ത്രി ഷെങ് യിസിൻ പറഞ്ഞു. രണ്ടാംഘട്ട അന്വേഷണം ചൈനയിലല്ല, ലോകത്തിന്റെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് നടത്തേണ്ടത്. ഇക്കാര്യം ചൈനയിലെ വിദഗ്ധസംഘം നേരത്തേ ഡബ്ല്യു.എച്ച്.ഒ.യോട് ശുപാർശ ചെയ്തിരുന്നു. ആദ്യസംഘത്തെ ഇഷ്ടമുള്ളയിടങ്ങളിലെല്ലാം പരിശോധന നടത്താൻ അനുവദിച്ചിരുന്നെന്നും യിസിൻ പറഞ്ഞു.