ബാങ്കോക്ക്: ദക്ഷിണ ചൈനക്കടലിൻറെ അവകാശവുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നതിനിടെ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകുന്ന നിലപാടെടുത്ത് തായ്‌ലാൻഡ്. രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ ഉൾപ്പെടുത്തി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വൻ പദ്ധതിയായ ക്രാ കനാലിന്റെ നിർമാണം ഏറ്റെടുത്തുനടത്താൻ ഇന്ത്യ, യു.എസ്. ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും തയ്യാറായിട്ടുണ്ടെന്ന് തായ്‌ലാൻഡ് അവകാശപ്പെട്ടു.
120 കിലോമീറ്റർവരുന്ന വൻകനാൽ നിർമാണപദ്ധതിയുമായി ചൈന മുന്നോട്ടുപോകുന്നതിനിടെയാണ് തായ്‍ലൻഡിന്റെ പുതിയ നീക്കം. നിർമാണത്തിൻറെ സാധ്യതാപഠനം നടത്തുന്ന പാർലമെൻററി സമിതിയുടെ അധ്യക്ഷനും നേഷൻ പവർ പാർട്ടി എം.പി.യുമായ സൊങ്‍ക്ലോഡ് തിപ്പരാട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനീസ് കപ്പലുകൾക്ക് മലാക്കാ കടലിടുക്ക് ഒഴിവാക്കി ദക്ഷിണ ചൈനക്കടലിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കാൻ സഹായിക്കുന്നതാണ് ക്രാ കനാൽ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പദ്ധതിയുടെ പുരോഗതി അറിയാൻ ബന്ധപ്പെട്ടതായും എം.പി. പറഞ്ഞു. സാമ്പത്തിക, സാങ്കേതിക സഹായം നൽകാൻ 30-ലധികം വിദേശ സ്ഥാപനങ്ങൾക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ എണ്ണവിൽപ്പനയുടെ 80 ശതമാനവും മലാക്കാ കടലിടുക്കിലൂടെയാണ് നടക്കുന്നത്. മേഖലയിൽ ചൈന ശക്തി പ്രാപിക്കുന്നതിനെതിരേ യു.എസ്., ഇന്ത്യ, ഓസ്ട്രേലിയ സഖ്യം ഒരുമിച്ച് പദ്ധതിയിൽ താത്പര്യം അറിയിച്ചതാണ് ചൈനയ്ക്ക് തിരിച്ചടിയാവുന്നത്.
Content Highlights: China Kra canal