ബെയ്ജിങ്: കോവിഡിന്റെ ഉദ്‌ഭവത്തെക്കുറിച്ച് പരിശോധിക്കാൻ എത്തിച്ചേരുന്ന ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) വിദഗ്‌ധസംഘത്തെ സ്വീകരിക്കാൻ തയ്യാറെന്ന് ചൈന. വിഷയത്തിൽ ഇരുപക്ഷവും സമവായത്തിലെത്തിയതായി ചൈനീസ് ദേശീയ ആരോഗ്യകമ്മിഷൻ ഉപതലവൻ സെങ് യിക്സിൻ പറഞ്ഞു. എപ്പോഴാകും സംഘമെത്തുകയെന്നതിനെക്കുറിച്ച് ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, ചൈന വിദഗ്‌ധർക്ക് പ്രവേശനാനുമതി നിഷേധിച്ചതിൽ ഡബ്ല്യു.എച്ച്.ഒ. തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് നിരാശയറിയിച്ചിരുന്നു. നാലുതവണ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചകൾക്കുശേഷമാണ് ഇരുപക്ഷവും ധാരണയിലെത്തിയതെന്ന് സെങ്ങിനെ ഉദ്ധരിച്ച് ഔദ്യോഗികമാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ടുചെയ്യുന്നു. 

ഡബ്ല്യു.എച്ച്.ഒ. സംഘം നടപടിക്രമങ്ങൾ പൂർത്തിയാക്കി തീയതി തീരുമാനിച്ചാൽ ചൈനീസ് ആരോഗ്യവിദഗ്‌ധരും അവർക്കൊപ്പം അന്വേഷണത്തിനായി വുഹാനിലേക്ക് പോകും. അന്വേഷണത്തെ ചൈന പിന്തുണയ്ക്കുമെന്നും ഭാവിയിലെ പകർച്ചവ്യാധികളെ തടയാൻ ഇതുസഹായിക്കുമെന്നും സെങ് പറഞ്ഞു.

Content Highlights: China is ready and waiting for WHO experts to investigate coronavirus origins