ബെയ്ജിങ്: ഹോങ്‌കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ ചൈന തടവിലാക്കി. ചൈനയിൽനിന്ന് പൂർണസ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജനാധിപത്യവാദികൾ ഹോങ്‌കോങ്ങിൽ പ്രക്ഷോഭം നടത്തിവരുന്നതിനിടെയാണിത്. ബ്രിട്ടീഷ് കോൺസുലേറ്റിലെ ജീവനക്കാരനായ സിമോൺ ചെങ്ങിനെ രണ്ടാഴ്ചയായി കാണാനില്ലായിരുന്നു. ചൈന ഇയാളെ തടവിലാക്കിയതായി ആരോപണമുയർന്നെങ്കിലും ബുധനാഴ്ചയാണ് ഇക്കാര്യം ചൈന സ്ഥിരീകരിച്ചത്.

“സിമോൺ ചെങ് ഹോങ്‌കോങ് പൗരനാണ്. അതുകൊണ്ടുതന്നെ അയാൾ ചൈനക്കാരനും തടവിലിട്ടത് ചൈനയുടെ ആഭ്യന്തരവിഷയവുമാണ്” -ചൈനീസ് വിദേശമന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

ചൈനയിലെ നിയമം ലംഘിച്ചതിനാണ് അറസ്റ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വാണിജ്യയോഗത്തിനായി ഓഗസ്റ്റ് എട്ടിന് ചൈന-ഹോങ്‍കോങ് അതിർത്തിയിലെത്തിയതായിരുന്നു സിമോൺ. അതേദിവസംതന്നെ തീവണ്ടിയിൽ ഹോങ്‌കോങ്ങിലേക്ക് തിരിച്ചുവെന്നും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാകേണ്ടതുണ്ടെന്നും സിമോൺ പെൺസുഹൃത്തിന് സന്ദേശമയച്ചിരുന്നു. എന്നാൽ, അതിനുശേഷം സിമോണിനെക്കുറിച്ച് വിവരമില്ലാതായെന്ന് കുടുംബം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.

Content Highlights: China detains UK consulate staff member