ബെയ്ജിങ്: പ്രതിരോധബജറ്റ് ചൈന 20,900 കോടി യു.എസ്. ഡോളറായി ഉയർത്തി. മുൻവർഷത്തെക്കാൾ 6.8 ശതമാനം കൂടുതലാണിത്. ഇന്ത്യയുടെ പ്രതിരോധബജറ്റിനേക്കാൾ മൂന്നിരട്ടി അധികംവരുമിത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിനും അമേരിക്കയുമായുള്ള രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾക്കുമിടെയാണ് ചൈനയുടെ നീക്കം.

എന്നാൽ, യു.എസിന്റെ പ്രതിരോധബജറ്റിന്റെ നാലിലൊന്നുമാത്രമാണ് ചൈനയുടേത്. ഒരുരാജ്യത്തെയും ലക്ഷ്യമിട്ടല്ല പ്രതിരോധമേഖലയിൽ കൂടുതൽ പണം ചെലവിടുന്നതെന്നാണ് ചൈനയുടെ പക്ഷം.

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ഏറ്റവും ജനസംഖ്യയുമുള്ള ചൈനയിലെ 2021-ലെ ആളോഹരി പ്രതിരോധ ചെലവ് 154 യു.എസ്. ഡോളറിൽ താഴെയായിരിക്കുമെന്ന് ‘സിൻഹുവ’ റിപ്പോർട്ടുചെയ്തു. 1978 മുതൽ ചൈന സായുധസേനാ അംഗബലം 40 ലക്ഷത്തോളം കുറച്ചതായി 2019-ൽ പുറത്തിറക്കിയ ധവളപത്രത്തിൽ പറയുന്നു.

Content Highlights: China Defence Budget