china brutal actബെയ്ജിങ്: മൂത്രം കുടിപ്പിക്കൽ, പ്രാണികളെ തീറ്റിക്കൽ, ചാട്ടവാറടി... ഇത് കോൺസൺട്രേഷൻ ക്യാന്പുകളിലെ ശിക്ഷാരീതികളല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജോലിയിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്ക് ചൈനീസ് കമ്പനി നൽകുന്ന ശിക്ഷകളാണിത്.

തെക്കുപടിഞ്ഞാറൻ ചൈനീസ് പ്രവിശ്യയായ ഗ്വൈചോയിലെ ഭവനപുനരുദ്ധാരണ നിർമാണങ്ങൾ നടത്തുന്ന കമ്പനിയിലെ ജീവനക്കാർക്കാണീ ദുരവസ്ഥ. ചിലരുടെ തല മുണ്ഡനം ചെയ്യിക്കുകയും ശൗചാലയത്തിലെ പാത്രത്തിൽനിന്ന് വെള്ളം കുടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ചൈനീസ് ഔദ്യോഗികവാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മറ്റ് ജീവനക്കാരുടെ മുന്നിൽവെച്ചാണ് ശിക്ഷനടപ്പാക്കുന്നതെന്ന് പ്രാകൃത നടപടികളെത്തുടർന്ന് കമ്പനിയിൽനിന്ന് രാജിവെച്ച മുൻജീവനക്കാർ പറയുന്നു. ലെതർ ഷൂസോ യൂണിഫോമോ ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 50 യുവാൻ പിഴ നൽകണം. പീഡനദൃശ്യങ്ങൾ പുറത്തെത്തിയതിനെത്തുടർന്ന് കമ്പനിയിലെ മൂന്ന് മാനേജർമാർക്ക് അഞ്ചുമുതൽ 10 ദിവസം വരെ ജയിൽശിക്ഷ ലഭിച്ചതായി ചൈനീസ് പ്രാദേശിക സുരക്ഷാവിഭാഗം പറഞ്ഞു. ഈ വർഷമാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്.