ബെയ്ജിങ്: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനുമേൽ ചുമത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്ന് അന്താരാഷ്ട്രസമൂഹത്തോട് ചൈന ആവശ്യപ്പെട്ടു. ജി-20 രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗത്തെ വെർച്വലായി അഭിസംബോധനചെയ്ത് സംസാരിക്കവേ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയാണ് ആവശ്യമുന്നയിച്ചത്.

അഫ്ഗാനിസ്താൻ സെൻട്രൽ ബാങ്കിലെ മരവിപ്പിച്ച വിദേശനിക്ഷേപം വിട്ടുനൽകാൻ യു.എസ്. തയ്യാറാകണം. യുദ്ധത്തിൽ തകർന്ന രാജ്യത്തെ പ്രതിസന്ധിയിലാക്കിയല്ല താലിബാനുമേൽ സമ്മർദം ചെലുത്തേണ്ടതെന്നും വാങ് പറഞ്ഞു. കണക്കുപ്രകാരം സെൻട്രൽ ബാങ്കിന്റെ 70,049 കോടി രൂപയുടെ (950 കോടി ഡോളർ) സ്വത്താണ് യു.എസ്. മരവിപ്പിച്ചത്. കാബൂളിലേക്കുള്ള പണത്തിന്റെ കൈമാറ്റം നിർത്തിവെക്കുകയും ചെയ്തു.

അഫ്ഗാൻ ജനതയ്ക്ക് സഹായമെത്തിക്കുന്നതിൽ താമസം വരുത്തരുത്. സഹായപ്രവർത്തനങ്ങൾക്ക് വേഗംകൂട്ടാൻ ‍എല്ലാവരും കൂട്ടായിപ്രവർത്തിക്കണം. അഫ്ഗാനിസ്താന് 228 കോടി രൂപയും 30 ലക്ഷം ഡോസ് കോവിഡ് വാക്സിനും നൽകാൻ ചൈന തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ചൈന, റഷ്യ, പാകിസ്താൻ രാജ്യങ്ങളിലെ പ്രത്യേക പ്രതിനിധികൾ അഫ്ഗാനിസ്താനിലെ താലിബാന്റെ താത്‌കാലിക സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.