വാഷിങ്ടൺ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ പതിയെ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമം തങ്ങളെ പ്രചോദിതരാക്കിയതായി യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ. ഇന്ത്യയുമായി ചേർന്ന് ഈ മേഖലയിൽ കൂടുതൽ ബഹിരാകാശ പര്യവേക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നതായും നാസ ട്വറ്ററിൽ വ്യക്തമാക്കി.

ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡറിനെ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ധീരമെന്നാണ് നാസയിലെ മുൻ ശാസ്ത്രജ്ഞനായ ജെറി ലിനെൻഗർ വിശേഷിപ്പിച്ചത്. ഈ ദൗത്യത്തിനിടെ പഠിച്ച പാഠങ്ങൾ യു.എസിന്റെ ഭാവി ബഹിരാകാശ പദ്ധതികൾക്ക് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഏറെ നിരാശരാകേണ്ട കാര്യമില്ല. വളരെ പ്രയാസമേറിയ കാര്യം ചെയ്യാനാണ് ഇന്ത്യ ശ്രമിച്ചത്’’- ലിനെൻഗർ പറഞ്ഞു.

ചന്ദ്രയാൻ-2 ദൗത്യം ഇന്ത്യയെ സംബന്ധിപ്പ് വലിയ കാൽവെപ്പാണെന്ന് യു.എസിന്റെ ദക്ഷിണ-മധ്യേഷ്യ ചുമതലയുള്ള ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെൽസ് അഭിപ്രായപ്പെട്ടു. ഇന്ത്യ ബഹിരാകാശ സ്വപ്നങ്ങൾ സഫലമാക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ലെന്നും അവർ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡറിനെ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയും അഭിനന്ദിച്ചു.

Content Highlights: Chandrayaan 2