ലഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത്തുദ്ദവ നേതാവുമായ ഹാഫിസ് സയീദിൻറെ പേരിലുള്ള, ഭീകരാക്രമണത്തിന് സഹായധനം നൽകിയതായുള്ള കേസ് ഗുജ്രൻവാലയിലെ ഭീകരവിരുദ്ധകോടതിയിൽനിന്ന് ലഹോർ കോടതിയിലേക്ക് മാറ്റി. ജീവനുഭീഷണിയുണ്ടെന്നും പാക് പഞ്ചാബിലെ കോടതിയിൽനിന്ന് കേസ് മാറ്റണമെന്നും സയീദ് കോടതിയോട് അഭ്യർഥിച്ചിരുന്നു.

ഐക്യരാഷ്ട്രസഭ ആഗോളഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിനെ ഗുജ്രൻവാലയിൽനിന്ന് ലഹോറിലേക്കുള്ള യാത്രയ്ക്കിടെ ജൂലായ്‌ 17-നാണ് അറസ്റ്റുചെയ്തത്. 1997-ലെ ഭീകരവിരുദ്ധനിയമം ചുമത്തി സംഘടനയിലെ 13 നേതാക്കളെയും അറസ്റ്റുചെയ്തിരുന്നു. നായിബ് എമിർ അബ്ദുൾ റഹ്മാൻ മക്കി അടക്കമുള്ള നേതാക്കളാണ് പിടിയിലായത്.

കോടതിമാറ്റാനുള്ള അപേക്ഷയിൽ ലഹോർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സർദാർ ഷാമിം അഹമ്മദാണ് വാദംകേട്ടത്. സർക്കാർപ്രതിനിധി അപേക്ഷയെ എതിർത്തില്ല. ലഹോറിലെ കോട് ലഖ്പത് ജയിലിലാണ് സയീദിനെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. കേസ് പരിഗണിക്കപ്പെടുമ്പോഴെല്ലാം തന്റെ കക്ഷി ഗുജ്രൻ വാലയിലെ കോടതിയിലെത്താൻ 80 കിലോമീറ്ററിലധികം യാത്രചെയ്യേണ്ടിവരുന്നതായി സയീദിന്റെ അഭിഭാഷകൻ എ.കെ. ഡോഗർ പറഞ്ഞു. സയീദിനെ ഗുജ്രൻവാലയിലേക്കോ ഗുജ്രാത് ഭീകരവിരുദ്ധകോടതിയിലേക്കോ മാറ്റിയാലും സുരക്ഷാഭീഷണി ഒഴിയില്ലെന്നും ഡോഗർ കോടതിയെ അറിയിച്ചു.

നിരോധിത സംഘടനയായ ലഷ്കർ ഇ-തൊയ്ബയുടെയും ജമാ അത്തുദ്ദവയുടെയും സ്ഥാപകൻകൂടിയായ ഹഫീസ് സയീദ് ഭീകരപ്രവർത്തനത്തിന് സാമ്പത്തികസഹായം നൽകിയതായി തനിക്കുനേരെ ചുമത്തിയ കേസിനെതിരേ അപ്പീൽ നൽകിയിട്ടുണ്ട്.

Content Highlights: Case against Hafiz Sayeed shifted to Lahore