റോം: ഭാരതസഭയുടെ പ്രാർഥനകളും പ്രതീക്ഷകളും സഫലമാക്കി തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിലെ അമ്മ പുണ്യപദവിയിലേക്ക് ഞായറാഴ്ച ഉയർത്തപ്പെടും. രാവിലെ 10-ന് വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടക്കുന്ന വിശുദ്ധബലിയിൽ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.

ഭാരതത്തിൽനിന്ന് വി. അൽഫോൻസാമ്മ, വി. കുര്യാക്കോസ് ചാവറ ഏലിയാസച്ചൻ, ഏവുപ്രാസ്യാമ്മ, മദർ തെരേസ എന്നിവർക്കുശേഷം വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നയാളാണ് മറിയം ത്രേസ്യ. ഹോളി ഫാമിലി സന്ന്യാസസമൂഹത്തിന്റെ സ്ഥാപകയാണ്. വിശുദ്ധപദവി പ്രഖ്യാപനത്തിനുശേഷം തിങ്കളാഴ്ച റോമിലെ സെയ്ന്റ് അനസ്താസ്യ ബസിലിക്കയിൽ സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ കൃതജ്ഞതാബലിയും തിരുശേഷിപ്പു വന്ദനവുമുണ്ടാകും.

Content Highlights: canonization of mariam thresia