റോം: ഹോളി ഫാമിലി സന്ന്യാസിനിസമൂഹസ്ഥാപക വാഴ്‌ത്തപ്പെട്ട മറിയംത്രേസ്യയടക്കം അഞ്ചുപേരെ ഞായറാഴ്‌ച ഫ്രാൻസിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.

കവിയും ചിന്തകനുമായിരുന്ന ജോൺ ഹെന്റി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റർ ഡൽച്ചേ ലോപ്പസ് പോന്റസ് (ബ്രസീൽ), മർഗരീത്ത ബേയ്സ് (സ്വിറ്റ്‌സർലൻഡ്) എന്നിവരാണ് മറിയംത്രേസ്യയ്ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത്.

ചടങ്ങുകൾക്കു മുന്നോടിയായി ശനിയാഴ്‌ച റോമിലെ ‘മരിയ മജോരേ’ മേജർ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ നടക്കും. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ തലവൻ കർദിനാൾ ജൊവാനി ആഞ്ചലോ ബേച്ചു മുഖ്യകാർമികത്വം വഹിക്കും. ആർച്ച്‌ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും.

ഞായറാഴ്‌ച ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വിശുദ്ധപദവിപ്രഖ്യാപനം നടക്കും. മറിയംത്രേസ്യയുടെ തിരുശേഷിപ്പുകൾ പ്രത്യേകം തയ്യാറാക്കിയ അരുളിക്കയിലാക്കി പോസ്റ്റ്‌ലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ലിറ്റർജിക്കൽ ഓഫീസിൽ സമർപ്പിച്ചിരുന്നു. തിരുശേഷിപ്പ് വിശുദ്ധപദവി പ്രഖ്യാപനദിവസം അൾത്താരയിൽ പ്രതിഷ്ഠിക്കും.

തിങ്കളാഴ്‌ച റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയിൽ രാവിലെ 10.30-ന് നടക്കുന്ന കൃതജ്ഞതാബലിയിൽ സിറോ മലബാർസഭ മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. സീറോ മലബാർ സഭയിലെ 51 മെത്രാന്മാർ തിരുകർമങ്ങളിൽ സഹകാർമികരാകും.

വി. അൽഫോൻസാമ്മ, വി. കുര്യാക്കോസ് ചാവറ ഏലിയാസ് അച്ചൻ, വി. എവുപ്രാസ്യാമ്മ എന്നിവർക്കുശേഷം കേരളത്തിൽനിന്നു വിശുദ്ധയായി ഉയർത്തപ്പെടുന്ന മറിയംത്രേസ്യയുടെ നാമകരണപരിപാടികളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് ആളുകൾ ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ റോമിൽ എത്തിയിട്ടുണ്ട്.

Content Highlights: canonisation of mariam thresia on sunday