ഒട്ടാവ: ചൈന ദേശീയ സുരക്ഷാനിയമം പാസാക്കിയതിനുപിന്നാലെ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഹോങ് കോങ്ങുമായുണ്ടാക്കിയ ഉടമ്പടി കാനഡ റദ്ദാക്കി. ഹോങ് കോങ്ങിലേക്കുള്ള സൈനിക ഉപകരണങ്ങളുടെ കയറ്റുമതി നിർത്തിവെച്ച കാനഡ ഹോങ് കോങ് സന്ദർശിക്കുന്ന തങ്ങളുടെ പൗരന്മാർക്കുള്ള നിർദേശങ്ങളിലും ഭേദഗതികൾ വരുത്തി.
ഹോങ് കോങ്ങിനെ സംബന്ധിച്ചുള്ള ‘ഒരു രാജ്യം രണ്ടു വ്യവസ്ഥകൾ’ എന്ന രീതിയിൽ മാറ്റം വന്നതിനാലാണ് നടപടിയെന്നാണ് കാനഡ ഭരണകൂടം നൽകുന്ന വിശദീകരണം.
ഒരു രാജ്യം രണ്ടു വ്യവസ്ഥകൾ എന്ന ചട്ടക്കൂടിൽ കാനഡ അടിയുറച്ച് വിശ്വസിക്കുകയാണെന്നും ഹോങ് കോങ്ങിലെ സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. പുതിയ നിയമം ഹോങ് കോങ്ങിലുള്ള മൂന്നുലക്ഷം കനേഡിയൻ പൗരന്മാരെയും ബാധിക്കുമെന്നും ട്രൂഡോ പറഞ്ഞു.
ഹോങ് കോങ്ങിലെ നിയമനിർമാണ സഭ, നീതിന്യായ വ്യവസ്ഥ, ജനങ്ങൾ എന്നിവരുടെ പങ്കാളിത്തമില്ലാതെ രഹസ്യമായ പ്രക്രിയയിലൂടെയാണ് ചൈന നിയമം നടപ്പാക്കിയതെന്ന് കാനഡ വിദേശമന്ത്രി ഫ്രാൻകോസ് ഫിലിപ്പെ ആരോപിച്ചു. ഹോങ് കോങ്ങിന്റെ സ്വയംഭരണാവകാശത്തെ അവഗണിക്കുന്നതാണ് നിയമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Canada suspends extradition treaty with Hong Kong over new security law