ക്വിബെക്ക് സിറ്റി: കാനഡയിലെ ക്വിബെക്ക് നഗരത്തിലെ മുസ്ലിം പള്ളിയില്‍ അതിക്രമിച്ചുകയറിയ തോക്കുധാരികള്‍ ആറുപേരെ വധിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഞായറാഴ്ച സായാഹ്നപ്രാര്‍ഥന നടക്കുന്ന സമയത്ത് പള്ളിയിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ വിശ്വാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം അമ്പതുപേര്‍ പള്ളിയിലുണ്ടായിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തതായി പോലീസ് വക്താവ് ക്രിസ്റ്റീന്‍ കൂളോം പറഞ്ഞു. എന്നാല്‍ ഇവര്‍ ഏതുനാട്ടുകാരാണെന്നതടക്കമുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. കുറത്തജാക്കറ്റ് ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നും ഒരാള്‍ നന്നായി പ്രാദേശികഭാഷ സംസാരിക്കുന്നയാളായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.അമേരിക്ക പ്രവേശനം നിഷേധിച്ചതോടെ മുസ്ലിങ്ങളടക്കമുള്ള കുടിയേറ്റക്കാരെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി ട്രൂഡോ പ്രസ്താവനയിറക്കിയതിനു പിന്നാലെയാണ് പള്ളിയിലെ ആക്രമണം. ട്രംപിന്റെ വിലക്കുമൂലം കാനഡയില്‍ കുടുങ്ങിപ്പോയവര്‍ക്ക് താത്കാലിക താമസത്തിനുള്ള അനുമതിപത്രം നല്‍കാമെന്നും ട്രൂഡോ വാഗ്ദാനം ചെയ്തിരുന്നു.

ക്വിബെക്ക് ഇസ്ലാമിക സാംസ്‌കാരികകേന്ദ്രം എന്നറിയപ്പെടുന്ന ഈ പള്ളിക്കുനേരെ മുമ്പും അക്രമങ്ങളുണ്ടായിട്ടുണ്ട്. റംസാന്‍ മാസത്തില്‍ പള്ളിയുടെ പടവുകളില്‍ പന്നിത്തലയിട്ടത് വിവാദമായിരുന്നു. മറ്റൊരു മോസ്‌കില്‍ മതവിദ്വേഷം പരത്തുന്ന ചുവര്‍ചിത്രം വരയ്ക്കുകയുമുണ്ടായി. ആരാധനാലയത്തില്‍ കടന്ന് മുസ്ലിങ്ങള്‍ക്കുനേരെ ഭീകാരാക്രമണം നടത്തിയതിനെ അപലപിക്കുന്നുവെന്ന് ട്രൂഡോ പ്രസ്താവനയില്‍ പറഞ്ഞു. കാനഡയിലെ മുസ്ലിങ്ങള്‍ അതിന്റെ ദേശീയതയുടെ ഭാഗമാണ്. ഇത്തരം വിവേചനരഹിതമായ പ്രവൃത്തികള്‍ക്ക് കാനഡയില്‍ ഇടമില്ല. ക്വിബെക്കിലെ മുസ്ലിങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.