ടൊറന്റോ: കാനഡയില്‍ ഭരണകക്ഷി ലിബറല്‍പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജനായ എം.പി. ദര്‍ശന്‍ കാങ്ങിനുനേരേ (64) ലൈംഗികാരോപണം. കല്‍ഗരിയില്‍നിന്നുള്ള പാര്‍ലമെന്റംഗമാണ് കാങ്. പ്രാദേശിക ഓഫീസിലെ ജീവനക്കാരിയായ ഇരുപത്തിനാലുകാരിയാണ് പരാതിക്കാരി. എന്നാല്‍, ആരോപണങ്ങളെല്ലാം കാങ് നിഷേധിച്ചു.

ഇതുമായി ബന്ധപ്പെട്ട് ജൂണില്‍ യുവതി ലിബറല്‍ പാര്‍ട്ടി ചീഫ് വിപ്പിന് പരാതിനല്‍കിയിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ പത്രത്തില്‍ ഇത് വാര്‍ത്തയായതോടെയാണ് വിവാദമായത്. അഞ്ചുവര്‍ഷത്തോളമായി കാങ് ഇവരെ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഇതിനിടെ പണം നല്‍കി സ്വാധീനിക്കാനും ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, താന്‍ നിരപരാധിയാണെന്നും എന്തുവിലകൊടുത്തും ആരോപണങ്ങള്‍ നേരിടുമെന്നും കാങ് പറഞ്ഞു. 1970-ല്‍ പഞ്ചാബില്‍നിന്ന് കാനഡയിലേക്ക് കുടിയേറിയയാളാണ് കാങ്.

അന്വേഷണം പൂര്‍ത്തിയാകുംവരെ കാങ്ങിനെ മാറ്റിനിര്‍ത്തണമെന്ന് പ്രതിപക്ഷമായ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ആവശ്യപ്പെട്ടു. എന്നാല്‍, ട്രൂഡോ വ്യക്തമായി പ്രതികരിച്ചിട്ടില്ല.