ഒട്ടാവ: ദുരഭിമാനക്കൊലക്കേസ് പ്രതികളെ കാനഡ ഇന്ത്യയ്ക്ക് കൈമാറി. 18 വർഷംമുമ്പ് ജസ്‍വീന്ദർ സിദ്ദുവെന്ന പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പ്രതികളായ പെൺകുട്ടിയുടെ അമ്മ മൽകിത് കൗർ സിദ്ദു, അമ്മാവൻ സുർജിത് സിങ് ബാദെഷാ എന്നിവരെയാണ് വിചാരണ നേരിടാനായി കാനഡ ഇന്ത്യയ്ക്ക് വിട്ടുനൽകിയത്. ഇവരെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറിയതായി കനേഡിയൻ അധികൃതർ പറഞ്ഞു.

പഞ്ചാബിൽനിന്ന് കാനഡയിലേക്ക് കുടിയേറിയ ഇവർ ആ രാജ്യത്ത് പൗരത്വം നേടിയിട്ടുണ്ട്. ജസ്‍വീന്ദർ ഇന്ത്യയിലെ റിക്ഷാഡ്രൈവറെ വിവാഹം കഴിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. ബ്രിട്ടീഷ് കൊളംബിയയിൽ താമസിച്ചിരുന്ന ജസ്‍വീന്ദർ ഇന്ത്യയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് റിക്ഷാഡ്രൈവറായ സുഖ്‍വീന്ദർ മിത്തു സിങ്ങിനെ പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇവർ 1999-ൽ രഹസ്യമായി വിവാഹിതരാകുകയും ജസ്‍വീന്ദർ കാനഡയിലേക്ക് തിരികെപ്പോകുകയുംചെയ്തു. രണ്ടായിരത്തിൽ ഇവർ വീണ്ടും ഇന്ത്യയിൽ തിരികെയെത്തി ഭർത്താവിനൊപ്പം ജീവിക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതരായ മൽകിതും സഹോദരനും ചേർന്ന് ജസ്‍വീന്ദറിനെയും ഭർത്താവിനെയും കൊലപ്പെടുത്താൻ ഗുണ്ടാസംഘത്തെ ഏർപ്പെടുത്തുകയായിരുന്നു. 2000 ജൂൺ എട്ടിന് ജസ്‍വീന്ദറിനെ ഗുണ്ടകൾ കഴുത്തറുത്ത് കൊലപ്പെടുത്തി കൊക്കയിൽ തള്ളുകയായിരുന്നു. എന്നാൽ, ഭർത്താവ് രക്ഷപ്പെട്ടു.

മൽകിതും സുർജിതുമുൾപ്പെടെ 13 പേരാണ് കേസിൽ പ്രതികളാണുള്ളത്.