ടൊറന്റോ: കാനഡയിലെ പ്രധാന നഗരമായ ടൊറന്റോയില്‍ യുവാവ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാനിടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പത്തുപേര്‍! മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് സംഭവം. വാനോടിച്ചിരുന്ന അലേക് മിനാസ്സിയാ(25)നെ പോലീസ് അറസ്റ്റുചെയ്തു. ടൊറന്റോയുടെ പ്രാന്തപ്രദേശമായ റിച്ച്മണ്ട് ഹില്‍ സ്വദേശിയായ ഇയാളെ ചോദ്യംചെയ്തുവരികയാണ്.

കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്ന് കരുതുന്നതായി ടൊറന്റോ പോലീസ് മേധാവി മാര്‍ക്ക് സാന്‍ഡേഴ്‌സ് പറഞ്ഞു.

ടൊറന്റോയിലെ യോഞ്ച് തെരുവിലുള്ള ഫിഞ്ച് അവന്യൂ-ഷെപ്പാര്‍ഡ് അവന്യൂ റോഡുകള്‍ക്കിടയിലുള്ള നടപ്പാതയിലെ കാല്‍നടയാത്രക്കാര്‍ക്കിടയിലൂടെ രണ്ടുകിലോമീറ്ററോളം മിനാസ്സിയാന്‍ വാനോടിച്ചുകയറ്റുകയായിരുന്നു. വാടകയ്‌ക്കെടുത്ത വാനാണ് ഇയാള്‍ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. വഴിയില്‍ക്കണ്ടതെല്ലാം ഇടിച്ചുതെറിപ്പിച്ചാണ് മിനാസ്സിയാന്‍ വാനോടിച്ചുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവം ഭീകരാക്രമണമാകാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളി. യു.എസിലും യൂറോപ്പിലും അടുത്തിടെ സമാനരീതിയില്‍ ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍, സംഭവം കാനഡയുടെ ദേശീയസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നതല്ലെന്ന് കനേഡിയന്‍ ദേശീയസുരക്ഷാമന്ത്രി റാല്‍ഫ് ഗുദാല പറഞ്ഞു.

ജി-7 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി നടക്കുന്ന ടൊറന്റോയിലെ കോണ്‍ഫറന്‍സ് സെന്ററില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. എന്നാല്‍, ഉച്ചകോടിയുമായി ആക്രമണത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.