വാന്‍കൂവര്‍: ജസ്സി സിദ്ധു ദുരഭിമാനക്കൊലക്കേസ് പ്രതികളായ മല്‍കീത് സിദ്ധു, സുര്‍ജീത് ബാദ്ഷാ എന്നിവരെ ഇന്ത്യക്കു വിട്ടുനല്‍കാന്‍ കാനഡ സുപ്രീംകോടതിയുടെ പച്ചക്കൊടി. താഴ്ന്ന ജാതിയില്‍പ്പെട്ട റിക്ഷാഡ്രൈവറെ വിവാഹം ചെയ്തതിനാണ് ജസ്വീന്ദര്‍ സിദ്ധുവെന്ന ജസ്സി കൊല ചെയ്യപ്പെട്ടത്.

കാനഡയില്‍ ജനിച്ച ജസ്സി 1996 ല്‍ പഞ്ചാബിലെത്തിയപ്പോഴാണ് റിക്ഷാഡ്രൈവറായ സുഖ്!വീന്ദര്‍ സിങ്ങുമായി പ്രണയത്തിലായത്. 1999 ല്‍ ഇവര്‍ ഇന്ത്യയില്‍വെച്ച് രഹസ്യമായി വിവാഹിതരായി. കുപിതരായ ജസ്സിയുടെ അമ്മ മല്‍കീതും അമ്മാവന്‍ സുര്‍ജീതും വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി ജസ്സിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. 2000-ത്തിലാണ് കേസിനാസ്​പദമായ സംഭവം.

പ്രതികളെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്. പ്രതികളെ തിരിച്ചയയ്‌ക്കേണ്ടെന്ന കീഴ്‌ക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി.

തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്നതിനായി മല്‍കീതിനെയും സുര്‍ജീതിനെയും വിട്ടുനല്‍കണമെന്ന് 2005 ല്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. 2014 ല്‍ ഇരുവരെയും ഇന്ത്യക്കു വിട്ടുനല്‍കാന്‍ വാന്‍കൂവറിലെ ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അപ്പീല്‍ക്കോടതി ഉത്തരവ് റദ്ദാക്കി. ഈ വിധിയാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവോടെ ഇല്ലാതാകുന്നത്.