ഇസ്‌ലാമാബാദ്: കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ വൻ സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഇസ്‌ലാമാബാദിലെ ഔദ്യോഗിക വസതി വാടകയ്ക്കു നൽകാൻ തീരുമാനം. ഫാഷൻ ഷോകൾ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനായി വാടകയ്ക്കു നൽകാനാണ് തീരുമാനം. ഇത്തരം പരിപാടികൾ നടത്തുമ്പോൾ പ്രധാനമന്ത്രിയുടെ വസതിയുടെ അന്തസ്സും അച്ചടക്കവും നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ രണ്ടു കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്.

2019-ൽ തെഹ്‌രീകെ ഇൻസാഫ് പാർട്ടി അധികാരമേറ്റയുടനെത്തന്നെ വസതി സർവകലാശാലയാക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇമ്രാൻ വസതി ഒഴിഞ്ഞു. എന്നാൽ സർക്കാർ ഇപ്പോൾ തീരുമാനം മാറ്റുകയായിരുന്നു.

കഴിഞ്ഞ മൂന്നു വർഷങ്ങളിലായി പാക് സമ്പദ്‌വ്യവസ്ഥയ്ക്ക് 1900 കോടി ഡോളറിന്റെ തകർച്ചയാണുണ്ടായത്. ഇമ്രാൻ സർക്കാരിന്റെ സാന്പത്തിക നയങ്ങളെക്കുറിച്ച് വൻ വിമർശനങ്ങളും ഉയരുന്നുണ്ട്. തെറ്റായ തീരുമാനങ്ങൾ സർക്കാരിന് വൻ കടബാധ്യത വരുത്തിവെച്ചതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.