ലണ്ടൻ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഹപ്രവർത്തകയെ ചുംബിച്ചതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക് രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചു. സംഭവത്തിൽ ഹാൻകോക് മാപ്പുപറഞ്ഞിട്ടുണ്ട്.

മുൻ ധനമന്ത്രി സാജിദ് ജാവിദിനെ പുതിയ ആരോഗ്യമന്ത്രിയായി നിയമിച്ചു.

ഹാൻകോക്കും സഹപ്രവർത്തകയും സുഹൃത്തുമായ ജിന കൊളഡാഞ്ചെലോയും തമ്മിൽ ചുംബിക്കുന്നതിന്റെ ചിത്രം ദി സൺ പത്രമാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ വീഡിയോയും പത്രം പുറത്തുവിട്ടിരുന്നു. ആരോഗ്യവകുപ്പിന്റെ ഓഫീസിലെ മേയ് ആറിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇവയെന്നും പത്രം വ്യക്തമാക്കിയിരുന്നു.

മേയ് ആറിന് ബ്രിട്ടനിൽ ലോക്ഡൗൺ നിലനിന്നിരുന്നു. ഇതോടെ ആരോഗ്യമന്ത്രിതന്നെ നിയന്ത്രണങ്ങൾ ലംഘിച്ചതായി ആരോപിച്ച് വൻ പ്രതിഷേധം ഉയർന്നു. ഹാൻകോക്കിനെ പുറത്താക്കണമെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടിയും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാജി.