ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യാത്രാവിലക്ക് നിലവിൽ വരുംമുമ്പേ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക്‌ അനുമതി നിഷേധിച്ച് ബ്രിട്ടൻ. ഇന്ത്യയിൽനിന്നുള്ള എട്ട് അധിക വിമാനസർവീസുകൾക്കാണ് ബ്രിട്ടനിലെ ഹീത്രോ വിമാനത്താവളം അനുമതി നിഷേധിച്ചത്. വെള്ളിയാഴ്ചമുതലാണ് വിലക്ക് പ്രാബല്യത്തിൽവരുന്നത്. വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിനാളുകൾ വെള്ളിയാഴ്ചത്തെ സമയപരിധിക്ക് മുമ്പായി മടക്കയാത്രയ്ക്ക് തയ്യാറെടുത്തപ്പോഴാണ് വിമാനത്താവളത്തിന്റെ നടപടി. ഇത് യാത്രക്കാരിൽ ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും കാരണമായി. യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് എട്ട് അധിക സർവീസുകൾ എർപ്പെടുത്തിയത്. യു.കെ.യിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും ആഴ്ചയിൽ 30 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.