ലണ്ടൻ: രോഗലക്ഷണങ്ങൾ കാണുന്നതിനുമുന്പ് ഒറ്റ രക്തപരിശോധനയിലൂടെ 50 തരം അർബുദങ്ങൾ കണ്ടെത്തുന്ന ഗാല്ലെരി പരിശോധനയെക്കുറിച്ചുള്ള പഠനം ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻ.എച്ച്.എസ്.) ആരംഭിച്ചു. പ്രാഥമിക ഫലങ്ങൾ 2023-ഓടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ 50-77 ഇടയിൽ പ്രായമുള്ള പതിനായിരത്തോളംപേർക്ക് എൻ.എച്ച്.എസ്. കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അർബുദചികിത്സ തേടാത്തവരോട് രക്തസാംപിളുകൾ നൽകാനാണ് ആവശ്യപ്പെട്ടത്.

ബയോടെക്‌നോളജിക്കൽ കമ്പനിയായ ഗ്രെയ്‌ലാണ് പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്. കാൻസർ റിസർച്ച് യു.കെ.യും ലണ്ടനിലെ കിങ്സ് കോളേജും പങ്കാളികളാകും.

അർബുദം ഏതുതരത്തിലുള്ളതാണെന്ന് കണ്ടെത്തുക മാത്രമല്ല, അതു ബാധിക്കുന്ന ശരീരഭാഗത്തെ കൃത്യതയോടെ കണ്ടെത്താനും പരിശോധന സഹായകമാകുമെന്ന് ഗ്രെയ്‌ലിന്റെ യൂറോപ്യൻ പ്രസിഡന്റും ഇന്ത്യൻ വംശജനായ അർബുദഗവേഷകനുമായ ഹർപൽ കുമാർ പറഞ്ഞു. എൻ.എച്ച്.എസുമായി സഹകരിച്ച് വളരെവേഗം പരിശോധന ജനങ്ങളിലേക്കെത്തിക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അർബുദനിർണയത്തിലും ചികിത്സയിലും വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടിത്തമാണിതെന്ന് എൻ.എച്ച്.എസ്. ചീഫ് എക്സിക്യുട്ടീവ് അമൻഡ പ്രിത്ചാർഡ് പറഞ്ഞു.