റിയോ ഡി ജനൈറോ: ഭീകരസംഘടനകളുടെ സാമ്പത്തികസ്രോതസ്സ് തടയാൻ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ബ്രിക്സ് രാജ്യങ്ങളുടെ യോഗം. ഏതുനിലയ്ക്കുള്ള ഭീകരപ്രവർത്തനവും തടയേണ്ടതുണ്ടെന്നും അതിന് കൂട്ടായശ്രമം വേണമെന്നും യോഗം ഓർമിപ്പിച്ചു.

ബ്രസീലിലെ റിയോ ഡി ജനൈറോയിൽനടന്ന യോഗത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള വിദേശകാര്യമന്ത്രിമാരാണ് പങ്കെടുത്തത്. റോഡ് ട്രാൻസ്പോർട്ട്-ഗതാഗതവകുപ്പുമന്ത്രി റിട്ട. ജനറൽ വി.കെ. സിങ് ആണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്‌.

ഭീകരപ്രവർത്തനം തടയാൻ സമഗ്രപദ്ധതി രൂപവത്കരിക്കുന്നതിന്റെ ആവശ്യകത പ്രതിനിധികൾ എടുത്തുപറഞ്ഞു. മൗലികവാദം, ഭീകരസംഘങ്ങളിലേക്ക് ആളുകളെ ചേർക്കൽ, മറ്റുരാജ്യങ്ങളിലേക്കുള്ള ഭീകരരുടെ യാത്രകൾ, സാമ്പത്തികസ്രോതസ്സ്, ഇൻറർനെറ്റിന്റെയും സാങ്കേതിക ഉപകരണങ്ങളുടെയും വാർത്താവിനിമയ ഉപാധികളുടെയും ദുരുപയോഗം തുടങ്ങിയവ തടയൽ, ഭീകരക്യാമ്പുകൾ ഇല്ലാതാക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയാവണം സമഗ്രപദ്ധതിയെന്നും യോഗം പ്രസ്താവനയിൽ പറയുന്നു.

ബ്രിക്സ് രാജ്യങ്ങളിലടക്കം അടുത്തിടെനടന്ന ഭീകരാക്രമണങ്ങളിൽ യോഗം നടുക്കംരേഖപ്പെടുത്തി. കുറ്റകരവും നീതീകരിക്കാനാവാത്തതുമായ പ്രവൃത്തിയാണ് ഭീകരാക്രമണം. അത് മതത്തിലോ ദേശീയതയിലോ ഊന്നിയുള്ളതായാലും വർഗ-ഗോത്ര പരമായാലും ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. അവരവരുടെ മേഖലയിൽ ഭീകരസംഘടനകളുടെ സാമ്പത്തികസ്രോതസ്സ് തടയാനും ഭീകരാക്രമണങ്ങൾ തടയാനും ഓരോ രാജ്യങ്ങളും മുൻകൈയെടുക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.