ജൊഹാനസ്ബർഗ്: യു.എസ്.വ്യാപാരയുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ആഹ്വാനംചെയ്ത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. നിലവിലുള്ള 10,200 കോടി ഡോളറിന്റെ വ്യാപാരം പുതിയ ഉയരത്തിലെത്തിക്കാനാണ് തീരുമാനം.

തുറന്ന വിപണിയുടെ പ്രാധാന്യം തിരിച്ചറിയുന്നുവെന്നും ആഗോളീകരണത്തിന്റെ നേട്ടങ്ങൾ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കേണ്ടതുണ്ടെന്നും ഉച്ചകോടി അംഗീകരിച്ച പ്രസ്താവനയിൽ പറയുന്നു. വ്യാപാരതർക്കങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ലോകവ്യാപാര സംഘനയാണെന്നും എല്ലാ അംഗരാജ്യങ്ങളും സംഘടനയുടെ നിയമങ്ങൾ പാലിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.

യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അമേരിക്ക ഒന്നാമത് നയത്തിനെതിരേയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പരിസ്ഥിതി, വ്യോമഗതാഗതം, സാംസ്കാരിക-കല-കായികം തുടങ്ങിയ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറുകളിലും രാഷ്ട്രത്തലവന്മാർ ഒപ്പുവെച്ചു.

ലോകജനസഖ്യയുടെ 40 ശതമാനത്തോളം വരുന്ന ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ അംഗമായ ബ്രിക്സിന്റെ ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലാണ് നടന്നത്.

പുതിനുമായും ഷിയുമായും മോദി കൂടിക്കാഴ്ച നടത്തി

ബ്രിക്സ് ഉച്ചകോടിയ്ക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. വൈവിധ്യം നിറഞ്ഞതും ഫലപ്രദവുമായ ചർച്ചയാണ് പുതിനുമായി നടന്നതെന്നും ഇരുരാജ്യങ്ങളും തമ്മിൽ ആഴമേറിയ സൗഹൃദമാണുള്ളതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മോദി ട്വീറ്റ് ചെയ്തു.

നാലുമാസത്തിനിടെ മോദിയും ഷിയും തമ്മിൽനടന്ന നാലാമത് കൂടിക്കാഴ്ചയാണിത്. ചൈന-ഇന്ത്യ സൗഹൃദം ശക്തിപ്പെടുത്താനുതകുന്ന ചർച്ചകൾ നടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.