ബെയ്ജിങ്: കൈക്കൂലിക്കേസില്‍ ചൈനയില്‍ മുന്‍ ഉന്നത സൈനികോദ്യോഗസ്ഥന്‍ ഗുവോ ബോക്‌സിയോങ്ങിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

സൈനികര്‍ക്കിടയിലെ ഉദ്യോഗക്കയറ്റത്തിന് ഗുവോ വന്‍തോതില്‍ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന് ഭാര്യ ഹീ ഷ്യുലിയനായിരുന്നു ദല്ലാള്‍. സ്ഥാനക്കയറ്റം കിട്ടാത്തവര്‍ക്ക് ഇവര്‍ തുക തിരിച്ചുനല്‍കിയിരുന്നു. ഗുവോയുടെ സൈനികനായ മകനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

പത്തുവര്‍ഷത്തോളം ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷനിലെ രണ്ട് വൈസ് ചെയര്‍മാന്മാരില്‍ ഒരാളായിരുന്നു ഗുവോ. സൈന്യത്തില്‍ പ്രസിഡന്റ് ഷീ ജിന്‍പിങ് കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണിത്. 2012-ലാണ് വിരമിച്ചത്. കഴിഞ്ഞവര്‍ഷം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

ജീവപര്യന്തത്തിനു പുറമേ ഗുവോയുടെ രാഷ്ട്രീയ അവകാശങ്ങളെ വിലക്കുകയും ജനറല്‍ റാങ്ക് എടുത്തുമാറ്റുകയും ചെയ്തു. സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഗുവോ വലിയ തുകയാണ് കൈക്കൂലിയായി വാങ്ങിയത്. എന്നാല്‍, തുക എത്രയെന്നു വ്യക്തമല്ല. രഹസ്യമായായിരുന്നു വിചാരണ.

ഷീ ജിന്‍പിങ് അധികാരമേറ്റശേഷം പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കപ്പെടുന്ന നാലാമത്തെ അംഗമാണ് ഗുവോ.