breast Feedingന്യൂയോർക്ക്: മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ പ്രമേയത്തെ യു.എസ്. അട്ടിമറിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിനെതിരേ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുയരുന്നു. ഡബ്ല്യു.എച്ച്.ഒ.യുടെ മുലയൂട്ടൽ പ്രമേയത്തെ അനുകൂലിക്കാതിരിക്കാൻ യു.എസ്. മറ്റുരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പ്രമേയത്തിലെ ഏതാനും ഭാഗങ്ങളിൽ മാറ്റം വരുത്താൻ സമ്മർദം ചെലുത്തിയെന്നും ആരോപിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണിത്.

പ്രമേയം യു.എസ്. അട്ടിമറിച്ച റിപ്പോർട്ട് ന്യൂയോർക്ക് ടൈംസാണ് പുറത്തുവിട്ടത്. മുലയൂട്ടൽ ആരോഗ്യത്തിന് ഗുണകരമെന്ന് ഗവേഷണങ്ങൾ തെളിയിച്ചതിനെത്തുടർന്ന് എല്ലാ രാജ്യങ്ങളും പൗരന്മാർക്കിടയിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നതായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രമേയം. കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടി ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും പ്രമേയത്തിലുണ്ട്.

ഈ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാതിരിക്കാൻ ലോകാരോഗ്യ സംഘടനയിലെ യു.എസ്. പ്രതിനിധികൾ മറ്റുരാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാ രാജ്യങ്ങളും മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും വേണമെന്ന പ്രമേയത്തിലെ വരികൾ നീക്കംചെയ്യാനും യു.എസ്. സമ്മർദം ചെലുത്തിയതായും റിപ്പോർട്ടിലുണ്ട്. ഇതേത്തുടർന്ന് റഷ്യ പ്രമേയത്തിൽ മാറ്റംവരുത്തി പുനരവതരിപ്പിച്ചതോടെയാണ് യു.എസിന്റെ പിന്തുണയോടെ പ്രമേയം പാസായത്.

മറ്റുരാജ്യങ്ങളിലെ പ്രതിനിധികളെ ഭീഷണിപ്പെടുത്താൻ തങ്ങളുടെ നയതന്ത്രജ്ഞരുടെ ശൃംഖലയെയും യു.എസ്. ഉപയോഗിച്ചു. പ്രമേയത്തിനുള്ള പിന്തുണ പിൻവലിച്ചില്ലെങ്കിൽ യു.എസ്. നൽകുന്ന സൈനികസഹായം റദ്ദാക്കുമെന്നും വ്യാപാരഉപരോധം ഏർപ്പെടുത്തുമെന്നുമാണ് യു.എസ്. പ്രതിനിധികൾ എക്വഡോറിനെ ഭീഷണിപ്പെടുത്തിയത്.

പ്രമേയത്തിലെ യു.എസ്. ഇടപെടൽ ‘പൊതുജനാരോഗ്യവും സ്വകാര്യവ്യക്തികളുടെ ലാഭവും’ തമ്മിലുള്ള യുദ്ധമാണെന്ന് കുട്ടികളിലെ പോഷകാംശങ്ങൾ വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ 1000 ഡേയ്സിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ലൂസി സുള്ളിവൻ പറഞ്ഞു. മുലയൂട്ടൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുന്നു. എന്നാൽ, മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്നത് കുഞ്ഞുങ്ങൾക്കുള്ള പാലുത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ വ്യവസായത്തെ ബാധിക്കുന്നു -ലൂസി പറഞ്ഞു.

മുലപ്പാലിനു പകരം പാൽപ്പൊടി ഉത്പന്നങ്ങൾ കുട്ടികൾക്ക് നൽകാൻ അമ്മമാരുടെയും ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥരുടെയും മേൽ പാൽപ്പൊടി ഉത്പന്ന കമ്പനികൾ സമ്മർദം ചെലുത്തുന്നതായി ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയനും അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ സേവ് ദി ചിൽഡ്രനും നേരത്തേ കണ്ടെത്തിയിരുന്നു.