ജോളോ(ഫിലിപ്പീൻസ്): തെക്കൻ ഫിലിപ്പീൻസിലെ പള്ളിയിൽ ഞായറാഴ്ചയുണ്ടായ ഇരട്ടസ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. ദ്വീപ് നഗരമായ ജോളോയിലെ ക്രിസ്ത്യൻ പള്ളിയിലാണ് സ്ഫോടനങ്ങളുണ്ടായത്. 77 പേർക്ക് പരിക്കേറ്റു.‌

രാവിലെ 8.45-ഓടെ പള്ളിക്കുള്ളിൽ ആദ്യസ്ഫോടനമുണ്ടായി. പള്ളിക്കുള്ളിലുണ്ടായിരുന്നവർ പുറത്തേക്ക്‌ രക്ഷപ്പെട്ടതിനുപിന്നാലെ നിമിഷങ്ങൾക്കുള്ളിൽ പള്ളിക്ക്‌ പുറത്തെ കാർപാർക്കിങ്ങിന് സമീപം മറ്റൊരു ബോംബും പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പാർക്കിങ് ഏരിയയിലുണ്ടായിരുന്ന ബൈക്കാണ് പൊട്ടിത്തെറിച്ചതെന്ന് സൈനികർ പറഞ്ഞു.

മേഖലയിൽ കൂടുതൽ സ്വയംഭരണാധികാരം നൽകണമെന്നാവശ്യപ്പെട്ട് ജനഹിതപരിശോധന നടത്തിയതിന് ദിവസങ്ങൾക്കകമാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടതിലേറെയും സാധാരണക്കാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘടനയായ അബു സയ്യാഫിന് സ്വാധീനമുള്ള മേഖലയാണ് ജോളോ.

ക്രൂരമായ ആക്രമണമാണ് നടന്നതെന്നും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഫിലിപ്പീൻസ് പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാന പറഞ്ഞു.

Content Highlights: bomb blast at a church in Philippines